ന്യൂദല്‍ഹി: ആസ്‌ട്രേലിയയുടെ ലോകോത്തര സ്പിന്നര്‍ ഷെയിന്‍ വോണ്‍ ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകനായേക്കുമെന്ന ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നു. ഇന്ത്യയുടെ പരിശീലകനാകാന്‍ വോണ്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി മെയില്‍ ടുഡേ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യുടെ പരിശീലകനാവുക എന്നത് കടുത്ത വെല്ലുവിളിയാണെന്നും എന്നാല്‍ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞാല്‍ ഏറെ സന്തുഷ്ടനായിരിക്കുമെന്നും വോണ്‍ പറഞ്ഞതായി മെയില്‍ ടുഡേ പറയുന്നു. ഐ.പി.എല്‍ നാലാം സീസണ്‍ മല്‍സരങ്ങള്‍ക്കായി വോണ്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാണ് വോണ്‍.

ഇന്ത്യയെ ലോകകിരീടം അണിയിച്ച ശേഷം കോച്ച് ഗ്യാരി കേര്‍സ്റ്റണ്‍ വിടവാങ്ങിയിരുന്നു. ഏറെ വേദനയോടെയാണ് വിരമിക്കുന്നതെന്നും ടീം ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുക്കാനായതില്‍ അതീവ സന്തുഷ്ടനാണെന്നും കേര്‍സ്റ്റണ്‍ പറഞ്ഞിരുന്നു.