ജയ്പൂര്‍: രാജസ്ഥാന്‍ ക്യാപ്റ്റന്‍ ഷെയിന്‍ വോണിന് ഐ.പി.എല്‍ മതിയായി. ക്യാപ്റ്റനെന്ന നിലയില്‍ തന്റെ അവസാന ഐ.പി.എല്‍ സീസണാണ് ഇതെന്ന് വ്യക്തമാക്കിയ വോണ്‍ ഭാവിയില്‍ രാജസ്ഥാന്റെ കോച്ചായോ മാനേജരായോ കൂടെയുണ്ടാകുമെന്ന സൂചനയും നല്‍കി.

എന്റെ അവസാന ഐ.പി.എല്‍ സീസണാണിത്. ഹോംഗ്രൗണ്ടില്‍ ഇനിയും രണ്ട് മല്‍സരങ്ങള്‍ രാജസ്ഥാന് കളിക്കാനുണ്ട്. അതില്‍ ടീമിനെ വിജയിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിന് ആരാധകരുടെ പിന്തുണ വേണമെന്നും ആസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ കൂടിയായ വോണ്‍ വ്യക്തമാക്കി.

ആദ്യ ഐ.പി.എല്‍ സീസണില്‍ രാജസ്ഥാനെ കിരീടമണിയച്ചതിനു ശേഷമാണ് വോണ്‍ ശ്രദ്ധേയനാകുന്നത്. റോയല്‍സിനായി 52 മല്‍സരം കളിച്ച വോണ്‍ 24.66 ആവറേജോടെ 56 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.