ന്യൂദല്‍ഹി: അച്ചടക്കം ലംഘിച്ച രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും ലോകോത്തര സ്പിന്നറുമായ ഷെയിന്‍ വോണിന് ബി.സി.സി.ഐയുടെ കൈയ്യില്‍ നിന്നും കണക്കിന് കിട്ടി. വിലക്കില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും 50,000 ഡോളര്‍ പിഴയടക്കാനാണ് ഈ ലെഗ്‌സ്പിന്നര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സജ്ഞയ് ദീക്ഷിത്തുമായുണ്ടായ വാക്കുതര്‍ക്കമാണ് വോണിന് വിനയായത്. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേര്‍സുമായുള്ള മല്‍സരത്തിനുശേഷമാണ് പ്രശ്‌നങ്ങള്‍ തലപൊക്കിയത്.

ടീമിന് അനുകൂലമായ രീതിയില്‍ പിച്ച് നിര്‍മ്മിച്ചില്ല എന്നാരോപിച്ച് ദീക്ഷിതിനോട് വോണ്‍ മോശമായി സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ബി.സി.സി.ഐക്ക് പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വോണിന് പിഴ ചുമത്തിയിരിക്കുന്നത്.