മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി വശീകരിച്ച് അറബിക് കോളേജ് വിദ്യാര്‍ത്ഥിനിയെ വിവിധ കേന്ദ്രങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുജാഹിദ് മൗലവി വിഭാഗം നേതാവും പ്രാസംഗികനുമായ ശംസുദ്ദീന്‍ പാലത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.

മുജാഹിദ് വിഭാഗത്തിന്റെ സ്ഥാപനമായ വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളേജില്‍ അധ്യാപകനായിരിക്കേയാണ് ഇയാള്‍ ഇതേ കോളേജിലെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്. അറബി സാഹിത്യത്തില്‍ എം.എ യോഗ്യതയുള്ള ശംസുദ്ദീന്‍ നിരവധി മുജാഹിദ് കോളേജുകളില്‍ അധ്യാപകനായിരുന്നിട്ടുണ്ട്.

Ads By Google

2008 ലാണ് അന്‍സാര്‍ അറബിക് കോളേജില്‍ അധ്യാപകനായത്. കോഴിക്കോട്, ഗുരുവായൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ ലോഡ്ജുകളിലും ഹോട്ടലുകളിലും കൊണ്ടുപോയി പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്.

ഭാര്യയും അഞ്ച് മക്കളുമുള്ള ഇയാള്‍ കുറച്ചുകാലമായി കല്‍പകഞ്ചേരിക്ക് അടുത്ത് കുറുക്കോളിലാണ് താമസം. കോളേജിലെ സഹപാഠിയുമായുള്ള മകളുടെ അതിരുവിട്ട പ്രണയം ഒഴിവാക്കിക്കിട്ടാന്‍ രക്ഷിതാക്കള്‍ കൗണ്‍സിലിങ്ങിന് ചുമതലപ്പെടുത്തിയ ആളായിരുന്നു ശംസുദ്ദീന്‍. ഇയാള്‍ തന്നെയാണ് വിദ്യാര്‍ത്ഥിനിയെ പ്രേമവലയത്തില്‍ കുടുക്കിയത്.

തിരൂര്‍ ഡി.വൈ.എസ്.പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച രാത്രി ഇയാളുടെ താമസസ്ഥലത്ത് വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. എതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറിയ ഇയാളെ രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇന്നലെ തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ ശംസുദ്ദീനെ റിമാന്‍ഡ് ചെയ്തു.