ന്യൂദല്‍ഹി: നല്ല മനുഷ്യനും മികച്ച അഭിനേതാവുമായിരുന്ന ഷമ്മി കപൂര്‍ ഒരു നല്ല പാട്ടുകാരനും കൂടി ആയിരുന്നെന്ന് ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കര്‍. അദ്ദേഹം സംഗീതം പഠിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ബോളിവുഡിലെ ഒരു വലിയ താരം എന്നതിലുപരി അദ്ദേഹത്തിന്റേത് ഒരു വിശിഷ്ട വ്യക്തിത്വമായിരുന്നു. ഷമ്മി ജിയുടെ മരണ വാര്‍ത്ത അറിഞ്ഞിതില്‍ പിന്നെ ഞാന്‍ വളരെ വിഷമത്തിലാണ്-ലത പറയുന്നു.

വളരെ സരസനായിരുന്നു അദ്ദേഹം, വിഷകമകരമായ സാഹചര്യങ്ങളെ വളരെ ധൈര്യത്തോടെയായിരുന്നു അദ്ദേഹം പരിഹരിച്ചിരുന്നത്-ലതാ മങ്കേഷ്‌കര്‍ ഓര്‍മ്മിക്കുന്നു. വര്‍ഷങ്ങളായി അദ്ദേഹത്തിന് ഡയാലിസിസ് ചെയ്യുന്നുണ്ടായിരുന്നു. ആഴ്ചയില്‍ മൂന്നു തവണ ഡയാലിസിസിനു വിധേയനായിരുന്നിട്ടും അദ്ദേഹം ഉന്മേഷവാനായിട്ടാണ് കാണപ്പെട്ടിരുന്നത്. പരിപാടികളിലെല്ലാം പങ്കെടുക്കാറുണ്ടായിരുന്നു. ഡയാലിസിസിനു വിധേയമാകാത്ത സമയത്ത് അദ്ദേഹം സ്വയം കാറോടിച്ച് പോകുമായിരുന്നു. തന്നെ സഹോദരിയായിട്ടാണ് കണ്ടിരുന്നതെന്ന് ലത പറയുന്നു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഞാന്‍ വളരെ ദുഃഖിതയാണ്, ആ ആത്മാവിന്റെ ശാന്തിക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്- കണ്ണീരണിഞ്ഞ വാക്കുകളുമായി ലതാ മങ്കേഷ്‌കര്‍ പറയുന്നു.