മുംബൈ: പ്രശസ്ത ഹിന്ദി നടന്‍ ഷമ്മി കപൂര്‍ അന്തരിച്ചു. ഇന്ന് രാവിലെ 5.15 ന് മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം  79 വയസ്സായിരുന്നു. കുറച്ചു നാളുകളായി മുംബൈയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

ജംഗ്‌ലി, തുംസാ നഹി ദേഖാ, ദില്‍ ദേഖേ ദേഖോ, ദില്‍ തേരാ ദിവാനാ, ചൈനാടൗണ്‍, ബ്രഹ്മചാരി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

1968 ല്‍ മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

1995 ല്‍ സമഗ്ര സംഭാവനക്കുള്ള അവാര്‍ഡും 2009 ല്‍ ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡും ലഭിച്ചു.

1931 ല്‍ പ്രശസ്ത തിയേറ്റര്‍ ആര്‍ട്ടിസ്റ്റായിരുന്ന പൃഥ്വിരാജ് കപൂറിന്റെ മകനായി മുംബൈയിലായിരുന്നു ഷമ്മി കപൂറിന്റെ ജനനം. അച്ഛനൊപ്പം കൊല്‍ക്കത്തയില്‍ ബാല്യകാലം ചെലവഴിച്ച ഷമ്മി കപൂര്‍ അഭിനയത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചത് അച്ഛനില്‍നിന്നായിരുന്നു. 1953 ല്‍ ‘ജീവന്‍ ജ്യോതി’ എന്ന ചിത്രത്തിലൂടെയായിരുന്നു ഷമ്മി കപൂര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് അവസരങ്ങള്‍ക്കായി അദ്ദേഹത്തിന് കാത്തിരിക്കേണ്ടി വന്നിട്ടില്ല. ബോളിവുഡില്‍മാത്രമല്ല, മലയാളത്തിലും അദ്ദേഹം ഒരു കൈ നോക്കിയിട്ടുണ്ട്. സുഖം സുഖകരം എന്ന മലയാളചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

1971 ല്‍ പുറത്തിറങ്ങിയ അന്താസ് ആണ് നായകനായി അഭിനയിച്ച അവസാന ചിത്രം.