കോഴിക്കോട്: തന്നെ മാപ്പ് സാക്ഷിയാക്കണമെന്ന് കോഴിക്കോട് സ്‌ഫോടനക്കേസില്‍ പിടിയിലായ ഷമ്മി ഫിറോസ് ഐ എന്‍ എ സംഘത്തോട് പറഞ്ഞതായി റിപ്പോര്‍ട്ട്. കോഴിക്കോട് ബോംബ് സ്‌ഫോടനം നടത്താനാണ് നസീറിന്റെ ലക്ഷ്യമെന്ന് സംഭവ ദിവസം മാത്രമാണ് താന്‍ അറിഞ്ഞത്. നസീറിന്റെ വലയില്‍ പെട്ട് കുറ്റകൃത്യം ചെയ്തതില്‍ ഖേദമുണ്ടെന്നും ഫിറോസ് പറഞ്ഞതായി ഐ എന്‍ എ അധികൃതര്‍ അറിയിച്ചു.

തന്റെ പ്രവര്‍ത്തനങ്ങളോട് സഹകരിച്ചാല്‍ വന്‍തുക പാരിതോഷികം നല്‍കാമെന്ന് തടിയന്റവിട നസീര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇരട്ട സ്‌ഫോടനത്തെക്കുറിച്ച് പത്രം ഓഫീസുകളിലും കലക്‌ട്രേറ്റിലും വിളിച്ച് മുന്നറിയിപ്പ് നല്‍കാന്‍ നസീറാണ് നിര്‍ദേശം നല്‍കിയത്. കാശ്മീരില്‍ കൊല്ലപ്പെട്ട അബ്ദുല്‍ റഹീം മുഖേനയാണ് നസീറിനെ പരിചയപ്പെട്ടത്. കെ എസ് ആര്‍ ടി സിയില്‍ ബോംബ് വെച്ചത് നസീറാണെന്നും ഫിറോസ് വ്യക്തമാക്കി.

കേസില്‍ പിടികിട്ടാനുള്ള അസറും യൂസുഫും അബൂദബിയില്‍ ഉണ്ടെന്ന വിവരം ഇയാളില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്നലെ അബൂദബിയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഫിറോസിനെ ഐ എന്‍ എ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.