ന്യൂദല്‍ഹി: മുതിര്‍ന്ന മാവോവാദി നേതാവ് ശഖമുരിയപ്പ റാവു പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. സി പി ഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗവും ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവുമായിരുന്നു റാവു. 10 ലക്ഷം രൂപയാണ് റാവുവിന്റെ തലക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. പ്രകാശം ജില്ലയിലെ പുള്ളലച്ചെര്‍വു മണ്ഡല്‍ എന്ന സ്ഥലത്ത് വെച്ചാണ് ഏറ്റമുട്ടലുണ്ടായത്. മാവോവാദികള്‍ക്കെതിരെ ഓപറേഷന്‍ നടത്തുന്ന പ്രത്യേക സംഘമാണ് റാവുവിനെ കൊലപ്പെടുത്തിയത്.

നല്ലമല വനം കേന്ദ്രമാക്കിയായിരുന്നു ശഖമുരിയപ്പയുടെ പ്രവര്‍ത്തനം. ഇവിടെയുണ്ടായിരുന്ന മറ്റ് മാവോവാദി നേതാക്കള്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് കടക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടാവുമെന്ന് പോലീസ് വ്യക്തമാക്കി.

1993ല്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ കെ എസ് വ്യാസിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയാണ് റാവുവെന്ന് പോലീസ് പറഞ്ഞു. നേരത്തെ അറസ്റ്റിലായിരുന്നെങ്കിലും പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. 1982ല്‍ റാഡിക്കല്‍ സ്റ്റുഡന്റ്‌സ് യൂനിയനില്‍ ചേര്‍ന്ന ശേഷം സി പി ഐ എം എലുമായി ബന്ധപ്പെട്ട റാവു പിന്നീട് ഒളിവില്‍ പോവുകയായിരുന്നു.