Categories

മകളുടെ വിവാഹപ്പന്തലിലെക്ക് ഷാജഹാന്‍ മടങ്ങുന്നത് വെറും കൈയ്യോടെ

ത്വാഇഫ്: 18 വര്‍ഷത്തെ പ്രവാസ ജീവിതത്തിനൊടുവില്‍ മകളുടെ വിവാഹപ്പന്തലിലെക്ക് ഷാജഹാന്‍ കടന്നു ചെല്ലുന്നത് വെറും കൈയ്യുമായി. തിരുവനന്തപുരം ആറ്റിങ്ങല്‍ പെരിങ്കുളം സ്വദേശി പ്ലാവില പുത്തന്‍ വീട് ഷാജഹാന്‍ ആണ് അടുത്ത മാസം നടത്താനുറച്ച മകളുടെ കല്ല്യാണത്തിലെക്ക് ദുരനുഭവങ്ങളുടെ ഭാണ്ഡവും പേറി നാടണഞ്ഞത്.

സ്‌പേണ്‍സറുടെ കീഴില്‍ ത്വാഇഫിലെ പെട്രോള്‍ പമ്പിലും സര്‍വ്വീസ് സ്‌റ്റേഷനിലുമെക്കെയായിരുന്നു ഷാജഹാന്‍ ഇത്രയും കാലം ജോലി ചെയ്തത്. ഇതിനിടെ പാറാവുകാരന്റെ വേഷവും കെട്ടി. എല്ലായിടത്തും 400 റിയാല്‍ ആയിരുന്നു ശമ്പളം. ഇതിനിടെ ചില പാര്‍ടൈം ജോലികള്‍ ചെയ്താണ് കാര്യങ്ങള്‍ ഒരു വിധം മുന്നോട്ടു നീക്കിയത്. മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ പോയി ആകെയുള്ള സമ്പാദ്യമായ 10 സെന്റ് ഭൂമിവിറ്റ് മൂത്ത മകളുടെ കല്ല്യാണം നടത്തി.

ലീവ്് കഴിഞ്ഞ് നാട്ടില്‍ നിന്ന് വന്നശേഷം ജിദ്ദയിലെ ഖഫീലിന്റ ഉടമസ്ഥതയിലുള്ള ശാറാ ഖുറൈശിലെ പെട്രോള്‍ പമ്പിലായിരുന്നു ജോലി. പമ്പിനോട് ചേര്‍ന്നുള്ള ലോഡ്ജിന്റെ വാടകയും മറ്റും കൈകാര്യം ചെയ്തിരുന്നത് ഷാജഹാനായിരുന്നു. ആറു മാസം മുമ്പ് ഒരു ദിവസം പുലര്‍ച്ചെ 4 മണിക്ക് സ്വദേശികളെന്ന് തോന്നിക്കുന്ന 4 പേര്‍ റൂമില്‍ അതിക്രമിച്ച് കടക്കുകയും ഷാജഹാനെ കെട്ടിയിട്ട ശേഷം കയ്യിലുണ്ടായിരുന്ന 8000 റിയാല്‍ കെള്ളയടിക്കുകയും ചെയ്തു.

അക്രമത്തില്‍ പരിക്കേറ്റ ഷാജഹാനെ ജിദ്ദ ബദര്‍ അല്‍തമാം പോളിക്ലിനിക്കില്‍ ചികില്‍സയിലായിരുന്നു. അതിനു ശേഷം ഖഫീല്‍ മറ്റൊരു ജോലിയിലെക്ക് മാറ്റി. എന്നാല്‍ നഷ്ട്ടപ്പെട്ട പണം ഷാജഹാന്‍ തിരിച്ചു നല്‍കണമെന്ന് കഫീല്‍ നിര്‍ബന്ധം പിടിച്ചു. ജിദ്ദയിലെ ചില മലയാളി സംഘടനാ പ്രവര്‍ത്തകര്‍ മുഖേനെ ഖഫീലിനോട് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ജോലിയും പാര്‍ടൈമും ചെയ്തും പരിചയക്കാരില്‍ നിന്ന് കടം വാങ്ങിയും 4000 റിയാലോളം കടം വീട്ടി. തുടര്‍ന്ന് ത്വാഇഫിലെക്ക് മാറ്റി .

ഇതിനിടയില്‍ മൂന്നാമത്തെ മകളുടെ കല്ല്യാണം ശരിയായി. വിവാഹം മെയ് ഒന്നിന് നടത്താന്‍ നിശ്ചയിക്കുകയും അതിലെക്ക് നാട്ടില്‍ പോവാന്‍ എക്‌സിറ്റിന് ആവശ്യപ്പെട്ടപ്പോള്‍ കളവു പോയതില്‍ ബാക്കിയുള്ള 4000 റിയാലും ടിക്കറ്റും എടുത്താല്‍ മാത്രമെ എക്‌സിറ്റ് നല്‍കുകയുള്ളൂവെന്ന് ഖഫീല്‍ അറിയിച്ചു. തുടര്‍ന്ന് ത്വാഇഫിലെ ഇന്ത്യാഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ സമീപ്പിക്കുകയും ഫോറം പ്രവര്‍ത്തകര്‍ ത്വാഇഫിലെ ഉദാരമതികളില്‍ നിന്നും സ്വരൂപ്പിച്ച സംഖ്യ ഷാജഹാന്റെ കഫീലിനു കൈമാറുകയും ചെയ്തു. അതിനു ശേഷം ഖഫീല്‍ എക്‌സിറ്റ് നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഷാജഹാന്‍ നാട്ടിലെക്ക് മടങ്ങി. ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരായ നിസാര്‍ ബാലരാമപുരം, ഫൈസല്‍ എടരിക്കോട്, നൗഷാദ് മൗലവി ചേര്‍ത്തല എന്നിവരാണ് ഷാജഹാന്റെ സഹായത്തിനുണ്ടായിരുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.