പൂനം പാണ്ഡേയ്ക്ക് പിന്നാലെ ഷാരൂഖും തുണിയുരിയുമെന്ന വാഗ്ദാനവുമായി രംഗത്തെത്തുന്നു. ഇന്ത്യ ലോകകപ്പ് നേടിയാല്‍ തുണിയുരിയുമെന്നാണ് പൂനം പാണ്ഡേ പറഞ്ഞിരുന്നത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഫൈനലില്‍ എത്തിയാല്‍ തുണിയുരിയുമെന്നാണ് ടീം ഉടമകൂടിയായ ഷാരൂഖ് പറഞ്ഞിരിക്കുന്നത്.

ടീം ഫൈനലില്‍ എത്തിയാല്‍ താന്‍ ഷര്‍ട്ട് അഴിച്ച് ടീമിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരം വിജയിച്ചശേഷം ഈഡന്‍ ഗാര്‍ഡന്‍സില്‍ വച്ചാണ് ഷാരൂഖ് ഇക്കാര്യം വ്യക്തമാക്കിയത്. ചെപ്പോക്കില്‍ നടക്കുന്ന ഫൈനലില്‍ പ്രവേശിക്കാനായാല്‍ നിങ്ങള്‍ക്ക് എന്റെ സിക്‌സ് പാക്കോ, എയ്റ്റ് പാക്ക് മസിലോ ഏതെന്നുവച്ചാല്‍ കാണാം- താരം പറഞ്ഞു.

2002ല്‍ ലോര്‍ഡ്‌സില്‍ നടന്ന നാറ്റ് വെസ്റ്റ് ക്രിക്കറ്റ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ വിജയത്തിന് ശേഷം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ സൗരവ് ഗാംഗുലി പ്രകടിപ്പിച്ച അതേ വികാരമാണ് ഷാരൂഖും പങ്കുവയ്ക്കാനൊരുങ്ങുന്നത്. ഗാംഗുലിയുടെ അന്നത്തെ പ്രവൃത്തി ഇംഗ്ലീഷ് താരങ്ങളുടെ വിമര്‍ശനം ഏറ്റവാങ്ങിയിരുന്നു.