ന്യൂഡല്‍ഹി: മഅദനി കേസിലെ സാക്ഷികളുമായി അഭിമുഖം നടത്തിയതിന്റെ പേരില്‍ തെഹല്‍ക്ക ലേഖിക കെ.കെ ഷാഹിനയെ കള്ളക്കേസില്‍ കുടുക്കിയ കര്‍ണാടക പോലീസിന്റെ നടപടിക്കെതിരെ തലസ്ഥാന നഗരിയില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കേരള ഹൗസില്‍നിന്ന് കര്‍ണാടക ഭവനിലേക്ക് നടത്തിയ മാര്‍ച്ച് ജന്തര്‍ മന്ദിറില്‍ വെച്ച് പോലീസ് തടഞ്ഞു. ദല്‍ഹി ജേര്‍ണലിസ്റ്റ് യൂണിയന്‍ പ്രസിഡന്റ് എസ്.കെ പാണ്ഡെ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

മഅദനി കേസ്സിലെ സാക്ഷികളുമായി അഭിമുഖം നടത്താന്‍ തങ്ങളാണ് ഷാഹിനയെ നിയോഗിച്ചതെന്ന് തെഹല്‍ക മാനേജിങ് എഡിറ്റര്‍ ഷോമ ചൗധരി പറഞ്ഞു. സ്വന്തം കര്‍ത്തവ്യ നിര്‍വഹണത്തിന്റെ ഭാഗമായി ഇന്റര്‍വ്യൂ ചെയ്തതിന് അവരെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്നു. നന്നേ ചുരുങ്ങിയത് ഷാഹിനയെ പത്രസ്ഥാപനം പറഞ്ഞയച്ചതാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയെങ്കിലും കര്‍ണാടക പൊലീസ് കാണിക്കേണ്ടിയിരുന്നെന്നും ഷോമ പറഞ്ഞു.

മാധ്യമങ്ങളെ കോര്‍പറേറ്റുകള്‍ സ്വാധീനിക്കുന്നത് പോലെ അപകടകരമാണ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നടത്തുന്നവരെ ഭരണകൂടം വേട്ടയാടുന്നതെന്ന് ഫ്രണ്ട്‌ലൈന്‍, ഹിന്ദു ഡപ്യൂട്ടി എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ പറഞ്ഞു.

പത്രപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യത്ത് പലയിടത്തും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും അവ എതിര്‍ക്കേണ്ടതാണെന്നും പി.കരുണാകരന്‍ എം.പി പറഞ്ഞു. പത്രസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടികള്‍ എന്തുവിലകൊടുത്തും ചെറുക്കേണ്ടതാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.

കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ദല്‍ഹി ഘടകം പ്രസിഡന്റ് വി.ബി. പരമേശ്വരന്‍, സെക്രട്ടറി കെ. രാധാകൃഷ്ണന്‍ ഡല്‍ഹി പ്രസ്‌ക്ലബ് നിര്‍വാഹക സമിതിയംഗം ജോമി തോമസ് തുടങ്ങിവരും സംസാരിച്ചു. കേരളത്തില്‍ നിന്നുള്ള എം.പിമാരായ ടി.എന്‍. സീമ, പി. രാജീവന്‍, എം.ബി. രാജേഷ്, കെ.എന്‍. ബാലഗോപാല്‍ എന്നിവരും മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

ഇന്ത്യാവിഷന്‍ ബ്യൂറോ ചീഫ് മനോജ് മേനോന്‍, ഏഷ്യാനെറ്റ് ബ്യൂറോ ചീഫ് പ്രശാന്ത് രഘുവംശം, ചന്ദ്രിക ബ്യൂറോ ചീഫ് മലയില്‍ മുഹമ്മദ് കുട്ടി, മാധ്യമം ചീഫ് റിപ്പോര്‍ട്ടര്‍ എം.സി.എ. നാസര്‍, അമൃത ചാനല്‍ മേഖലാ ചീഫ് കെ. മധു, ദീപിക ബ്യൂറോ ചീഫ് ജോര്‍ജ് കള്ളിവയലില്‍, കേരള കൗമുദി ബ്യൂറോ ചീഫ് കിരണ്‍ ബാബു, മംഗളം ബ്യൂറോ ചീഫ് ഡി. ധനസുമോദ്, പ്രശാന്ത് (ദേശാഭിമാനി), തോമസ് ഡൊമിനിക് (മലയാള മനോരമ) തുടങ്ങിയവര്‍ നേതൃത്വം നല്‍കി.