ഇസ്‌ലാമാബാദ്:  പാക്ക് ക്രിക്കറ്റ് താരം ശാഹിദ് അഫ്രീദി കറാച്ചി വിമാനത്താവളത്തില്‍ ആരാധകനെ ആക്രമിച്ചു.  ഇന്നലെ രാത്രിയാണ് സംഭവം. ഏഷ്യാകപ്പ് ഫൈനലിനുശേഷം ബംഗ്ലാദേശില്‍ നിന്നും കറാച്ചിയിലെത്തിയതായിരുന്നു അദ്ദേഹം.

ഏഷ്യാകപ്പ് വിജയത്തിനു ശേഷം ധാക്കയില്‍ നിന്നു മടങ്ങിയെത്തിയ അഫ്രീദിയെ സ്വീകരിക്കാന്‍ ഒട്ടേറെ ആരാധകരാണ് വിമാനത്താവളത്തില്‍ തടിച്ചുകൂടിയത്. അഫ്രീദിയുടെ ഓട്ടോഗ്രാഫിനുവേണ്ടി ഇവര്‍ തിക്കി തിരക്കി. ഇവരിലൊരാള്‍ അഫ്രീദിക്കൊപ്പമുണ്ടായിരുന്ന ഇളയമകള്‍ അജ്‌വയെ തള്ളിയിട്ടതാണ് താരത്തിന്റെ സമനില തെറ്റിച്ചത്.

ഏഷ്യാകപ്പ് വിജയത്തെക്കുറിച്ചു മാധ്യമങ്ങളോടു സംസാരിച്ച ശേഷം കാറിനടുത്തേക്കു പോവുകയായിരുന്ന അഫ്രീദി തിരിഞ്ഞുനിന്ന് ആരാധകനെ ആക്രമിക്കുന്ന ദൃശ്യം പാക്ക് ടിവി ചാനലുകള്‍ പുറത്തുവിട്ടു.  താന്‍ എന്താണ് ചെയ്തതെന്നു ബോധ്യമുണ്ടെന്നും മകളെ തള്ളിയിട്ടതോടെ ദേഷ്യം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നും അഫ്രീദി പറഞ്ഞു.

‘ ഞാന്‍ ചെയ്തത് തെറ്റാണെന്ന് എനിക്കറിയാം. ഞാന്‍ സ്വയം നിയന്ത്രിക്കേണ്ടിയിരുന്നു. പക്ഷെ എന്റെ മകളെ നിലത്തേക്ക് തള്ളിയിട്ടപ്പോള്‍ എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല.’ സംഭവത്തിനുശേഷം അഫ്രീദി പ്രതികരിച്ചു.

Malayalam news

Kerala news in English