Administrator
Administrator
പ്രിയപ്പെട്ട തരൂര്‍ജി, ഞങ്ങളെ കൊഞ്ഞനംകുത്തരുത്…
Administrator
Saturday 28th August 2010 4:18pm

ടി.സി.രാജേഷ്

ബഹുമാന്യനായ തിരുവനന്തപുരം എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ.ശശി തരൂര്‍ജി വായിച്ചറിയുന്നതിന് പ്രബുദ്ധകേരളത്തിലെ ഒരു സാധാരണ പൗരന്‍ എഴുതുന്നത്. ഐക്യരാഷ്ട്ര സഭയുടെ മുന്‍ അണ്ടര്‍ സെക്രട്ടറിയെന്ന നിലയിലും നിലവാരമുള്ള നിരവധി കൃതികളുടെ കര്‍ത്താവെന്ന നിലയിലും താങ്കളോടുള്ള എല്ലാ ബഹുമാനങ്ങളും നിലനിര്‍ത്തിക്കൊണ്ടാണിതെഴുതുന്നത്.

കേരളത്തിലെ മൂന്നേമുക്കാല്‍കോടി ജനങ്ങള്‍ തങ്ങളെ പ്രതിനിധീകരിക്കാന്‍ ലോക്സഭയിലേക്ക് അറിഞ്ഞു തിരഞ്ഞെടുത്തുവിട്ട ഇരുപതു പ്രതിനിധികളിലൊരാളാണ് താങ്കള്‍. രാജ്യാന്തരബ്യൂറോക്രാറ്റെന്ന നിലയില്‍ പ്രഗത്ഭനായ ഭരണതന്ത്രജ്ഞനുമാണ് താങ്കളെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അതുകൊണ്ടാണ്, അതുകൊണ്ടു മാത്രമാണ് തിരുവനന്തപുരത്തുകാര്‍ താങ്കളെ 99,998 വോട്ടിന് വിജയിപ്പിച്ചത്; അല്ലാതെ താങ്കളുടെ സുന്ദരവദനം കണ്ട് മനം മയങ്ങിയിട്ടല്ല.

ബാഴ്സിലോണയുടെ ഇരട്ട നഗരമായി തിരുവനന്തപുരത്തെ മാറ്റുമെന്ന പ്രസ്താവന ഒന്നു മാത്രം മതിയായിരുന്നു താങ്കള്‍ക്ക് ഈ നഗരത്തോടുള്ള കൂറു മനസ്സിലാക്കാന്‍. താങ്കള്‍ കാബിനറ്റ് മന്ത്രിയായി ചുമതലയേല്‍ക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നവരെയെല്ലാം നിരാശപ്പെടുത്തുന്നതായിരുന്നു കേന്ദ്രം ഭരിക്കുന്ന യു.പി.എ. സര്‍ക്കാരിന്റെ നടപടിയെങ്കിലും സഹമന്ത്രി സ്ഥാനമെങ്കിലും കിട്ടിയതില്‍ എല്ലാവര്‍ക്കും ആശ്വാസമുണ്ടായിരുന്നു. താങ്കളെപ്പോലൊരാള്‍ ഇന്ത്യയില്‍ കേവലം എം.പിയായി മാത്രം ഒതുങ്ങിക്കൂടേണ്ട വ്യക്തിയല്ലെന്ന് ഞങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നു.

ഐ.പി.എല്ലുമായി ബന്ധപ്പെട്ട വിവാദങ്ങളുണ്ടായപ്പോഴും ഞങ്ങള്‍ താങ്കളെ വിശ്വസിച്ചു. അവിടെ വിയര്‍പ്പിന്റെ വേതനം പറ്റിയത് താങ്കളുടെ കൂട്ടുകാരിയാണെന്നറിഞ്ഞപ്പോഴും ഞങ്ങള്‍ ശങ്കിച്ചില്ല. യു.പി.എ സര്‍ക്കാര്‍ നിര്‍ദ്ദാക്ഷിണ്യം താങ്കളില്‍ നിന്നെഴുതി വാങ്ങിയ രാജിക്കത്ത് ശശി തരൂരിന്റെ വില കൂട്ടുകയാണു ചെയ്തതെന്നു കരുതാനായിരുന്നു ഞങ്ങളുടെ ശ്രമം. സ്വന്തം കൂട്ടുകാരനു ബുദ്ധിമുട്ടുണ്ടാകുമെന്നു വന്നപ്പോള്‍ തന്റെ വിയര്‍പ്പിന്റെ കൂലി നിസ്സങ്കോചം തിരിച്ചുകൊടുത്ത സുനന്ദമാഡത്തെയോര്‍ത്ത് ഞങ്ങള്‍ ഉള്‍പ്പുളകം കൊണ്ടു. സ്വാര്‍ഥതാല്‍പര്യത്തിനായി എന്തും ചെയ്യാന്‍ മടിക്കാത്തവരുടെ കാലത്ത് എത്ര മഹത്തായൊരു ത്യാഗമാണ് മാഡം ചെയ്തത്!

തിരഞ്ഞെടുപ്പുകാലത്ത് താങ്കളെപ്പറ്റി എതിരാളികള്‍ പറഞ്ഞു പരത്തിയ പലതും ഞങ്ങള്‍ കേട്ടില്ലെന്നു നടിച്ചു. താങ്കള്‍ രണ്ടാം വിവാഹക്കാരനാണെന്നും മറ്റുമായിരുന്നു അതിലൊന്ന്. വിവാഹം ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. നിയമപ്രകാരമുള്ള ചടങ്ങുകളിലൂടെ രണ്ടോ മൂന്നോ വിവാഹം കഴിക്കുന്നതില്‍ തെറ്റില്ലെന്നു കരുതുന്ന പുരോഗനവാദികളുടെ എണ്ണം കേരളത്തില്‍ കൂടുതലാണെന്ന് തിരഞ്ഞെടുപ്പു ഫലം തെളിയിക്കുകയും ചെയ്തതാണ്.

അതുകൊണ്ടു തന്നെ വിദേശിയായ രണ്ടാം ഭാര്യയെ വിവാഹമോചനം ചെയ്ത് മൂന്നാമതു താങ്കള്‍ വിവാഹം കഴിക്കുന്നുവെന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ ഞെട്ടിയില്ല. ഒന്നുമില്ലെങ്കിലും ഇന്ത്യാക്കാരിയല്ലേ,  ഞങ്ങള്‍ ആശ്വസിച്ചു. അല്ല, സന്തോഷിച്ചു. കാരണം, അമ്പതു വയസ്സു കഴിഞ്ഞിട്ടും കേരളത്തിലെ സകല മധ്യവയസ്കന്‍മാരെയും അപകര്‍ഷബോധത്തിലാഴ്ത്തും വിധം സൌന്ദര്യം കാത്തു സൂക്ഷിക്കുന്ന താങ്കള്‍, ഒരു കൂട്ടുകാരിയുടെ സാമീപ്യം അനുഭവിക്കുന്നതില്‍ ഞങ്ങള്‍ തെറ്റു കണ്ടില്ല.

പക്ഷെ, ഇത്രയും കാര്യങ്ങളില്‍, ഇത്രയും നാള്‍ താങ്കളോടൊപ്പം നിന്ന ഞങ്ങളെ അവസാനം കൊഞ്ഞനം കുത്തുന്ന പോലുള്ള പെരുമാറ്റം ശരിയായില്ലെന്നു പറയേണ്ടി വരുന്നു. പ്രതിശ്രുത വധുവുമായി വിവാഹത്തിനുമുമ്പേ രാജ്യത്തെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ കറങ്ങി നടക്കുന്നതും ദേവാലയങ്ങളില്‍ ദര്‍ശനം നടത്തുന്നതുമൊന്നും ഞങ്ങള്‍ക്കു പരിഭവമുള്ള കാര്യമല്ല. പക്ഷെ, എല്ലാ കാര്യത്തിലും ഇന്നത്തെ ശരാശരിക്കു മുകളിലുള്ള കേരള സമൂഹത്തെ അനുകരിച്ചേ മതിയാകൂ എന്ന് താങ്കള്‍ ശാഠ്യം പിടിച്ചാല്‍ പുരാണത്തിലെ യയാതിയോട് ഞങ്ങള്‍ക്കു താങ്കളെ ഉപമിക്കേണ്ടി വരും, ആരില്‍ നിന്നും താങ്കള്‍ യൌവ്വനം ഇരന്നു വാങ്ങുന്നില്ലെങ്കിലും.

പാലക്കാട്ടോ പൊള്ളാച്ചിയിലോ ഡല്‍ഹിയിലോ ദുബായിലോ വച്ച് താങ്കള്‍ക്ക് വിവാഹം നടത്താനുള്ള അവകാശമുണ്ട്. അത് രജിസ്ററാപ്പീസിലോ ക്ഷേത്രസന്നിധിയിലോ എവിടെയുമാകാം. കാരണം താങ്കളൊരു ആഗോള പൌരനാണ്. പക്ഷെ, ആ ആനുകൂല്യം മുതലെടുത്ത് എന്തുമാകാമെന്നു കരുതുന്നത് കേരളജനതയെ കൊഞ്ഞനം കുത്തിക്കാണിക്കുന്നതിനു തുല്യമാണ്.

തിരുവനന്തപുരത്തെ ചെങ്കല്‍ച്ചൂളയിലേയും കരിമഠം കോളനിയിലേയും പാവപ്പെട്ടവരുള്‍പ്പെടെയുള്ള ലക്ഷക്കണക്കിനാളുകള്‍ തിരഞ്ഞെടുത്തുവിട്ട ഉത്തരവാദപ്പെട്ട ജനപ്രതിനിധിയാണ് താങ്കള്‍. അവരുടെ ക്ഷേമത്തിനായി അഞ്ചു വര്‍ഷത്തേക്കെങ്കിലും പ്രവര്‍ത്തിക്കേണ്ടവനാണ്. അല്ലാതെ പാവപ്പെട്ടവന്റെ പിച്ചക്കാശ് ചൂഷണം ചെയ്തു സുഖിമാന്‍മാരായി വിലസുന്ന ചലച്ചിത്രതാരങ്ങളുടെ ഗണത്തില്‍ നില്‍ക്കേണ്ടവനല്ല.

തിരുവനന്തപുരം നഗരമധ്യത്തിലെ ശ്രീചിത്രാ പുവര്‍ഹോം താങ്കള്‍ കണ്ടിട്ടുണ്ടെന്നു മനസ്സിലായി. താങ്കളുടെ കൂട്ടുകാരി സുനന്ദ പുഷ്കര്‍ ഒരു പക്ഷെ, ആ സ്ഥാപനത്തെപ്പറ്റി ആദ്യമായിട്ടായിരിക്കും കേള്‍ക്കുന്നത്. അവിടെ വല്ലപ്പോഴുമൊക്കെ ചില വിവാഹങ്ങള്‍ നടക്കാറുണ്ട്. അവനവന്റേതല്ലാത്ത കുറ്റത്തിന് അനാഥരാക്കപ്പെട്ട പാവപ്പെട്ട പെണ്‍കുട്ടികളുടെ. ഉത്രാടനാളിലും നടന്നു അത്തരത്തിലൊരെണ്ണം. അവര്‍ക്കൊന്നും സുനന്ദയോളം സൌന്ദര്യമുണ്ടാകില്ല. അവരെ കല്യാണം കഴിക്കാന്‍ സന്തോഷപൂര്‍വ്വം മുന്നോട്ടു വരുന്ന യുവാക്കള്‍ താങ്കളോളം വിദ്യാസമ്പന്നരോ സുന്ദരവദനരോ സമ്പന്നരോ ആയിരിക്കില്ല.അവര്‍ ആരേയും ബോധ്യപ്പെടുത്താനല്ല, അനാഥയായ പെണ്‍കുട്ടിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തുന്നത്.

കയ്യില്‍ പണമുണ്ടായിട്ടും അതിന്റെ ഹുങ്കു കാണിക്കാതെ വിവാഹം നടത്തിയശേഷം പുവര്‍ ഹോമിലേയും ഓള്‍ഡേജ് ഹോമിലേയും അന്തേവാസികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കുന്നതാണ് യഥാര്‍ഥ സാമൂഹ്യസേവനം. അല്ലാതെ സമ്പത്തിന്റെ ജാട കാട്ടി വിവാഹമാമാങ്കം നടത്തിയശേഷം ആരെയോ ബോധിപ്പിക്കാനെന്നവണ്ണം ആ അനാഥര്‍ക്കു ഭക്ഷണം കൊടുക്കുന്നത് ആത്മാര്‍ഥത കൊണ്ടല്ലെന്നു മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല.

സമൂഹത്തിലെ ഒരു വിഭാഗം ഉന്നതന്‍മാര്‍ക്കു മാത്രം പ്രാപ്യമായ ക്ളബ്ബാണ് ട്രിവാന്‍ഡ്രം ക്ളബ്ബ്. താങ്കള്‍ അവിടെ അംഗമാകുന്നതിലോ സല്‍ക്കാരം നടത്തുന്നതിലോ ഞങ്ങള്‍ക്കെതിര്‍പ്പില്ല. തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് പാവപ്പെട്ടവരുടെ ഉള്‍പ്പെടെ വോട്ടു വാങ്ങി വിജയിച്ച താങ്കള്‍ അവിടെയോ അതുപോലുള്ള ഏതെങ്കിലും പഞ്ചനക്ഷത്ര ക്ളബ്ബുകളിലോ വച്ച് ഇഷ്ടക്കാര്‍ക്കായി തിരഞ്ഞെടുപ്പു വിജയമാഘോഷിക്കാന്‍ സല്‍ക്കാരമേളകള്‍ നടത്തിയിട്ടുണ്ടാകുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയമേതുമില്ല.

അത് താങ്കളുടെ വ്യക്തിപരമായ കാര്യം. പക്ഷെ, ട്രിവാന്‍ഡ്രം ക്ളബ്ബിനോടനുബന്ധിച്ചുള്ള സുബ്രഹ്മണ്യം ഹാളില്‍ വിവാഹത്തിന്റെ രണ്ടാം നാള്‍, മലയാളിയുടെ തിരുവോണത്തിന്റെയന്ന്, താങ്കള്‍ സല്‍ക്കാരം നടത്തുന്നതു കണ്ടപ്പോള്‍ തല കുനിഞ്ഞുപോയി. ആ സല്‍ക്കാരത്തില്‍ എന്തായാലും തിരുവനന്തപുരം മണ്ഡലത്തിലെ ദാരിദ്യ്രരേഖയ്ക്കു കീഴിലുള്ള  ഒരാള്‍ പോലുമുണ്ടാകില്ലെന്ന് ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു.

അതില്‍ കരിമഠം കോളനിയിലേയോ ചെങ്കല്‍ച്ചൂളയിലേയോ വിശാലമായിക്കിടക്കുന്ന ഏതെങ്കിലും തുറകളിലേയോ ഒരാള്‍ പോലുണ്ടായിരുന്നില്ല. എല്ലാവരും വരണമെന്നു പറഞ്ഞ് പത്ര പരസ്യം നല്‍കി താങ്കള്‍ ക്ഷണിച്ചാലും, വോട്ടുചെയ്യാന്‍ പോളിംഗ് ബൂത്തിനു മുന്നില്‍ വെയിലും മഴയും കൊണ്ട് ക്യൂ നിന്ന അവര്‍ നാണംകെട്ട് ആ സല്‍ക്കാരത്തിനു വരില്ലായിരുന്നു.

തരൂര്‍ജി, ജനപ്രതിനിധിയായശേഷം വിവാഹിതനാകുന്ന ആദ്യത്തെ ആളൊന്നുമല്ല താങ്കള്‍. പക്ഷെ, അവരൊക്കെ കാണിച്ച ചില മര്യാദകളുണ്ട്. മൂന്നാം വിവാഹമെന്നു പറയുമ്പോള്‍ ഇതിനെ ആര്‍ത്തിയായി വിശേഷിപ്പിക്കേണ്ടി വരുന്നത്, അത്തരം മര്യാദകള്‍ താങ്കള്‍ ലംഘിക്കുമ്പോഴാണ്. ആദ്യ വിവാഹമായിരുന്നെങ്കില്‍ ഒരു പക്ഷേ, ഞങ്ങള്‍ ഇതു കണ്ടില്ലെന്നു നടിക്കുമായിരുന്നു.

കേരളത്തില്‍ ബിനോയ് വിശ്വമെന്ന ഒരു മന്ത്രിയുള്ള വിവരം താങ്കള്‍ക്ക് അറിയാമല്ലോ. അദ്ദേഹത്തിന്റെ മകളുടെ വിവാഹം സമീപനാളില്‍ തിരുവനന്തപുരത്ത് നാലാളറിഞ്ഞുതന്നെ നടന്നു. പക്ഷെ, അതൊരു വിവാഹാഘോഷമായിരുന്നില്ല. ബിനോയ് വിശ്വത്തേപ്പോലുള്ളവരുടെ മുന്നില്‍ താങ്കളേപ്പോലുള്ള ആഗോള പൌരന്‍മാര്‍ വെറും അല്‍പന്‍മാരായിപ്പോകുന്നത് ഇങ്ങിനെയൊക്കെയാണ്.

രണ്ടും മൂന്നും വിവാഹം കഴിക്കുന്നത് കേരളസംസ്ഥാനത്ത് പുതുമയൊന്നുമല്ലെങ്കിലും മൂന്നാം വിവാഹം രാജകീയമായി ആഘോഷിക്കുന്നത് പുതുമ തന്നെയാണ്. ഇക്കാര്യത്തില്‍ താങ്കള്‍ക്ക് ഒരു മുന്‍ഗാമിയേയുള്ളു. പാലക്കാട്ടു നടന്ന രണ്ടാം വിവാഹം രാജകീയമായി ആഘോഷിച്ച സാക്ഷാല്‍ സന്തോഷ് മാധവന്‍. എന്തായാലും ആ ഗണത്തില്‍ താങ്കളെ ഉള്‍പ്പെടുത്താന്‍ ഞങ്ങളാഗ്രഹിക്കുന്നില്ല.

പാലക്കാട്ടു വച്ച് താങ്കള്‍ സുനന്ദയെ മിന്നു ചാര്‍ത്തിക്കോളൂ. പിന്നെ, ലോകമൊട്ടുക്കും മധുവിധു ആഘോഷിച്ചു പറന്നു നടന്നുകൊള്ളു. ലക്ഷക്കണക്കിനു പട്ടിണിപ്പാവങ്ങളുള്ള നാട്ടില്‍ മൂന്നാം വിവാഹത്തിന്റെ പേരില്‍ ഒന്നിലധികം ആഡംബര വിവാഹസല്‍ക്കാരം നടത്തി താങ്കള്‍ കാണിക്കുന്ന ഈ അഹമ്മതി സഹിക്കാവുന്നതിനപ്പുറമാണ്.

താങ്കളുടെ യാത്രകളെപ്പറ്റിയും വിവാഹക്ഷണപത്രികയെപ്പറ്റിയും മറ്റും മാധ്യമങ്ങള്‍ എഴുതിയതും അതിന്റെ വര്‍ണചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതും ‘ഫ്രസ്റ്രേറ്റിംഗ്’ ആണെന്നും മാധ്യമങ്ങള്‍ക്ക് എത്തിക്സില്ലെന്നും ട്വിറ്ററില്‍ താങ്കള്‍ അഭിപ്രായപ്പെട്ടതായി വായിച്ചു. താങ്കള്‍ക്ക് ഇഷ്ടമുള്ളതു മാത്രമേ മാധ്യമങ്ങള്‍ പറയാവൂ എന്ന ശാഠ്യം അത്ര ശരിയല്ല. പത്രക്കാര്‍ കേവലം പപ്പരാസികളെല്ലെന്നു ഞങ്ങള്‍ വായനക്കാരായ വോട്ടര്‍മാര്‍ മനസ്സിലാക്കുന്നതിങ്ങിനെയൊക്കെയാണ്.

പാലക്കാട്ടും തിരുവനന്തപുരത്തും ഡല്‍ഹിയിലും കാശ്മീരിലും ദുബായിലും താങ്കള്‍ക്ക് സല്‍ക്കാരം നടത്താന്‍ അവകാശമുണ്ടെന്നത് ശരിയാണ്. പക്ഷെ, പട്ടിണിപ്പാവങ്ങളുടെ ഉള്‍പ്പെടെ ക്ഷേമം നടപ്പാക്കാന്‍ സ്വയം നിയോഗമേറ്റെടുത്ത ഒരു ഉത്തരവാദപ്പെട്ട ജനപ്രതിനിധിയാണു താങ്കളെന്ന കാര്യം മാത്രം മറക്കരുത്. അവരുടെ ക്ഷേമകാര്യങ്ങള്‍ മറന്ന് മൂന്നാം വിവാഹവും വിവാഹസല്‍ക്കാരവും നടത്തി അര്‍മാദിച്ചു നടക്കുന്നത് ഉത്തരവാദപ്പെട്ട ജനപ്രതിനിധിയെന്ന നിലയില്‍ ജനങ്ങള്‍ക്കു നേരേയുള്ള കൊഞ്ഞനംകുത്തലാണ്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കനത്ത ശമ്പളം എം.പിയെന്ന നിലയില്‍ താങ്കളുടെ കയ്യിലെത്തുമ്പോള്‍ പ്രത്യേകിച്ചും.

എന്തായാലും കാര്യങ്ങള്‍ ഇത്രയുമായ സ്ഥിതിക്ക് ഞങ്ങള്‍ കാത്തിരിക്കുകയാണ്. അന്തപ്പുരങ്ങളില്‍ പള്ളിവയറൊഴിയുന്നതുപോലെയൊരു ആഘോഷത്തിനായി. സുനന്ദയില്‍ താങ്കള്‍ക്കുണ്ടാകുന്ന കുട്ടിയുടെ നൂലു കെട്ടും നാമകരണവും ചോറൂണും പിറന്നാളാഘോഷവും എന്നുവേണ്ട സകല ആഘോഷത്തിനും ഇനിയുള്ള നാലു വര്‍ഷത്തിനിടയില്‍ സ്കോപ്പുണ്ട്. എല്ലാവര്‍ക്കുമുണ്ടല്ലോ ആഘോഷിക്കാന്‍ ഓരോരോ കാരണങ്ങള്‍! ഇല്ലെങ്കില്‍ നാമതുണ്ടാക്കണമെന്നാണല്ലോ തരൂര്‍ജി പകര്‍ന്നു നല്‍കുന്ന പാഠം.

Advertisement