Administrator
Administrator
ഷഹീദ് ബാവ വധം: കുറ്റപത്രം രണ്ടാഴ്ചക്കകം
Administrator
Friday 30th December 2011 12:05am

shaheed-bavaകോഴിക്കോട്: കൊടിയത്തൂരില്‍ ചെറുവാടി കൊട്ടപ്പുറത്ത് തേലേരി ഷഹീദ് ബാവയെ (20) മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രം രണ്ടാഴ്ചക്കകം സമര്‍പ്പിച്ചേക്കും. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കേസുമായി ബന്ധമുള്ള ഒട്ടുമിക്കവരും പോലീസ് പിടിയിലായിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ പ്രതികളിലൊരാളായ കൊടിയത്തൂര്‍ സ്വദേശി ഫായിസ് ഗള്‍ഫിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇയാള്‍ ഒളിവിലാണെന്ന് കോടതിയെ ധരിപ്പിച്ച് മറ്റുള്ളവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായി. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി, കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറി എന്നിവിടങ്ങളില്‍നിന്ന് ഇനി ഓരോ റിപ്പോര്‍ട്ടുകൂടി ലഭിക്കാനുണ്ട്. റിപ്പോര്‍ട്ടുകള്‍ ഉടന്‍ നല്‍കണമെന്ന് അന്വേഷണസംഘം ലബോറട്ടറി മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഗള്‍ഫിലേക്ക് രക്ഷപ്പെട്ട ഫായിസിനെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ പൊലീസ് ശ്രമം നടത്തിയിരുന്നു. എന്നാല്‍, ഫായിസ് ഇന്ത്യയിലേക്ക് മടങ്ങാന്‍ കൂട്ടാക്കുന്നില്ല. കൈയും കാലും കെട്ടിയശേഷം ഷഹീദിനെ മര്‍ദിക്കാന്‍ ഉപയോഗിച്ച പട്ടികക്കഷണത്തിലെ രക്തക്കറ ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കിയിരുന്നു. കിട്ടാവുന്നത്ര തെളിവുകളുടെ പിന്‍ബലത്തിലാവും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക.

ഇന്ത്യന്‍ ശിക്ഷാനിയമം 302ാം വകുപ്പ് പ്രകാരം കൊലപാതകം, 120 ബി പ്രകാരം ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്താനാണ് തീരുമാനിച്ചിരിക്കുന്നത്.  വിചാരണ വേഗത്തിലാക്കുന്നതിന് സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നഭ്യര്‍ഥിച്ച് റൂറല്‍ എസ്.പി നീരജ്കുമാര്‍ ഗുപ്ത ആഭ്യന്തരമന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട്.

പ്രതികളാരും രക്ഷപ്പെടാതിരിക്കാന്‍ അതീവ ജാഗ്രതയോടെയാണ് കുറ്റപത്രം തയാറാക്കുന്നതെന്ന് പ്രത്യേക അന്വേഷണ സംഘത്തലവനും താമരശ്ശേരി ഡിവൈ.എസ്.പിയുമായ ജോസി ചെറിയാന്‍ പറഞ്ഞു.

കഴിഞ്ഞ മാസം 10നാണ് കൊടിയത്തൂരിലെ സ്ത്രീകള്‍ മാത്രം താമസിച്ചിരുന്ന വീടിനു സമീപം ഷഹീദ് ബാവക്ക് ക്രൂരമായി മര്‍ദനമേറ്റത്. ദേഹമാസകലം മര്‍ദനമേറ്റ് അബോധാവസ്ഥയിലായ ഇദ്ദേഹം മൂന്നാം ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.

Malayalam News

Kerala News in English

Advertisement