മുംബൈ: ബോളിവുഡില്‍ രജനീകാന്തിന് പൊതുവായ ഒരു മുഖമില്ലെങ്കിലും ബോളിവുഡിലെ ഓരോരുത്തരും ആ പ്രഭാവത്തില്‍ വീണുപോയിട്ടുണ്ട്. ഒടുവിലിതാ കിംഗ് ഖാന്‍ ഷാരൂഖ് ഖാനും രജനിയെ ആദരിച്ചിരിക്കുന്നു. തന്റെ റിലീസ് ചെയ്യാനിരിക്കുന്ന റാ-വണ്ണിന് രജനിയുടെ റോബോട്ടുമായി സാമ്യമുണ്ട്. പക്ഷേ രണ്ടും വ്യത്യസ്തമായ ചിത്രങ്ങളാണ്. റാ-വണ്‍ രജനിക്കുള്ള ആദരമാണ്-ഷാരൂഖ് പറയുന്നു.

രജനി തകര്‍ത്താടിയ എന്തിരന്‍ ദി റോബോട്ട് സകലമാന തിയ്യറ്റര്‍ റെക്കാര്‍ഡുകളും തകര്‍ത്തിരുന്നു. അതില്‍ നിന്നും ഊര്‍ജ്ജമുള്‌കൊണ്ടാണ് ബോളിവുഡിന്റെ ബാദ്ഷ റാ-വണ്ണില്‍ അഭിനയിച്ചിരിക്കുന്നത്. സ്വദേശികളായ സാങ്കേതിക വിദഗ്ധരാണ് റാ-വണ്ണില്‍ അണിനിരന്നത് എന്ന് ഷാരൂഖ് അഭിമാനത്തോടെ പറയുന്നു. മികച്ച ടെക്‌നോളജിയും സാങ്കേതിക പ്രവര്‍ത്തകരും നമുക്കുണ്ട്. എല്ലാവരും മഹത്തരമായി തന്നെ ജോലി ചെയ്തുവെന്നും ഷാരൂഖ് ഒരു ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

പൊതുവെ മിതഭാഷിയായി അറിയപ്പെടുന്ന ഷാരൂഖ് റാ-വണ്ണിനെക്കുറിച്ച് വാചാലനാവുകയാണ് ഒരോ ടോക് ഷോകളിലും. ബോളിവുഡ് ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുകയാണ് റാ-വണ്ണിനായി. ചിത്രത്തിന്റെ ഓഡിയോ റിലീസ് ഗംഭീരമായി കഴിഞ്ഞ ദിവസം നടന്നിരുന്നു.