മുംബൈ: ലണ്ടനില്‍ സിനിമാചിത്രീകരണത്തിന്റെ തിരക്കിലും ബോളിവുഡ്കിംഗ് സ്റ്റാര്‍ ഷാരൂഖ് ഖാന്‍ ബോളിവുഡിന്റെ താരം അമിതാഭ് ബച്ചന് കത്തെഴുതി. ലണ്ടനിലെ ചിത്രീകരണം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ അമിതാഭിനെ കാണാന്‍ അവസരം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് കത്തിലൂടെ ഷാരൂഖ് പങ്ക് വെച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമിതാഭ് ബച്ചനെ കാണാന്‍ കഴിയാഞ്ഞതിലുള്ള വിഷമവും ഷാരൂഖ് കത്തിലൂടെ വ്യക്തമാക്കി.

അമിതാഭ് ബച്ചന്റെ അസുഖവിവരമറിഞ്ഞ് ബോളിവുഡിലെ മിക്ക താരങ്ങളും അദ്ദേഹത്തെ കാണാനായി എത്തിയിരുന്നു. പലരും ഫോണിലൂടെയും മറ്റും വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടും ഇരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളായി ഷാരൂഖ് സിനിമാചിത്രീകരണവുമായി ബന്ധപ്പെട്ട്  ലണ്ടനിലായിരുന്നതിനാല്‍ ഷാരൂഖിന് അമിതാഭിനെ കാണാന്‍ സാധിച്ചിരുന്നില്ല. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ബച്ചനോട് ആരോഗ്യത്തില്‍ പൂര്‍ണമായും ശ്രദ്ധിക്കണമെന്നും ഷാരൂഖ് കത്തില്‍ പറഞ്ഞിട്ടുണ്ട്.

ഉദര ശസ്ത്രക്രിയയ്ക്ക് ശേഷം മുംബയിലെ സെവന്‍ ഹില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍ കഴിഞ്ഞദിവസമാണ് ആശുപത്രി വിട്ടത്. ചികിത്സാര്‍ത്ഥം 13 ദിവസം അമിതാഭ് ബച്ചന്‍ ആശുപത്രിയില്‍ ചെലവഴിച്ചിരുന്നു. ബച്ചന്റെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാരും അറിയിച്ചിട്ടുണ്ട്.  30 വര്‍ഷം മുമ്പ് ‘കൂലി’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പറ്റിയ പരിക്കുമായി ബന്ധപ്പെട്ടാണ് ശസ്ത്രക്രിയ. തന്നെ അലട്ടുന്ന ബൈലാറ്ററല്‍ ഹെര്‍ണിയ രോഗത്തെ തുടര്‍ന്ന് നിസ്സാര ശസ്ത്രക്രിയക്ക് വിധേയമാകുകയാണെന്ന് ബച്ചന്‍ ബ്‌ളോഗിലൂടെ അറിയിച്ചിരുന്നു.

Malayalam news

Kerala news in English