സെലിബ്രിറ്റികളുടെ ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍പോലും കൊട്ടിഘോഷിച്ച് വലിയ സംഭവമാക്കും. അതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് തള്ളിക്കളയേണ്ടതില്ല. അവരും മനുഷ്യരാണെന്ന കാര്യം പോലും നോക്കാതെയാണ് സെലിബ്രിറ്റികളെ മാധ്യമങ്ങള്‍ ക്രൂശിക്കുന്നതെന്ന് പല താരങ്ങളും നിരവധി തവണ ആരോപിച്ചതാണ്. ഇപ്പോഴിതാ ബോളിവുഡ് കിംഗ് ഖാനും ഇതേ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നു.

Subscribe Us:

സഞ്ജയ്ദത്തിന്റെ പാര്‍ട്ടിക്കിടയില്‍ അടിച്ചുഫിറ്റായി ശിരിഷ് കുന്ദറിനെ ഷാരൂഖ് മര്‍ദ്ദിച്ചുവെന്ന മാധ്യമ വാര്‍ത്തകളാണ് നടനെ വിഷമിപ്പിച്ചിരിക്കുന്നത്. ഇങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് തനിക്കറിയാം. എന്നാല്‍ തന്റെ മക്കളെ ഇത് എങ്ങനെ ബാധിക്കുമെന്നാലോചിക്കുമ്പോള്‍ വേദനയുണ്ടെന്നും നടന്‍ പറയുന്നു.

‘ എന്റെ ജീവിതത്തെക്കുറിച്ച് ന്യൂസ് ചാനലുകള്‍ പല കാര്യങ്ങളും പറഞ്ഞുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ചാനലുകളില്‍ നിങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന കാര്യങ്ങളല്ല യാഥാര്‍ത്ഥ്യം. എനിക്ക് 14 വയസുള്ള മകനും, 11 വയസുള്ള മകളുമുണ്ടെന്ന കാര്യം അവര്‍ ഓര്‍ക്കണം’ കൊല്‍ക്കത്തയില്‍ ഒരു പരിപാടിക്കിടെ ഷാരൂഖ് പറഞ്ഞു.

‘ ഒരച്ഛനെന്ന നിലയില്‍ ഒരു സഹോദരനെന്ന നിലയില്‍ ഒരു മകനെന്ന നിലയില്‍ ഇക്കാര്യങ്ങള്‍ തനിക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.’ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് ആ സംഭവങ്ങള്‍ നല്‍കിയത്. ഇതില്‍ ചില കാര്യങ്ങള്‍ സംഭവിച്ചതാണ്. ചിലത് സംഭവിക്കാത്തതും. അതെന്താണെന്ന് ഞാന്‍ എന്റെ മനസില്‍ തന്നെ സൂക്ഷിക്കാനിഷ്ടപ്പെടുന്നു.’ അദ്ദേഹം വ്യക്തമാക്കി.

എന്നെയും  ഫറായെയും കുറിച്ച് മാധ്യമങ്ങള്‍ കെട്ടിച്ചമച്ച കഥകളില്‍ ചിലത് വായിച്ചിട്ടുണ്ട്. ഉണ്ടാക്കിയ കഥകളില്‍ പലതും വീട്ടിലിരുന്ന് വായിക്കാന്‍ പോലും കഴിയാത്തവയാണ്. എന്റെ മക്കള്‍ ഫറാ ആന്റി എന്നാണ് അവരെ വിളിക്കുന്നത്. കഴിഞ്ഞരണ്ടുവര്‍ഷമായി അവള്‍ ഇത് പറഞ്ഞു അത് പറഞ്ഞു എന്ന് പറഞ്ഞ് റിപ്പോര്‍ട്ടുകള്‍ വരികയാണ്… എന്നാല്‍ ഇക്കാര്യങ്ങളൊന്നും തന്നെ സംഭവിച്ചിട്ടില്ല.’

രിതേഷ് ദേശ്മുഖിന്റെയും ജനീലിയ ഡിസൂസയുടെ വിവാഹത്തിന് മുന്നോടിയായി നടന്ന പാര്‍ട്ടിയില്‍ പങ്കെടുക്കുകയായിരുന്നു ഷാരൂഖ്. ബുധനാഴ്ച ഏറെ വൈകിയാണ് ഷാരൂഖ് പാര്‍ട്ടിക്കെത്തിയത്.

അഗ്നിപഥിന്റെ വിജയം ആഘോഷിക്കാന്‍ സഞ്ജയ് ദത്ത് വിളിച്ചുചേര്‍ത്ത പാര്‍ട്ടിക്കിടെ ശിരിഷിനെ ഷാരൂഖ് ആക്രമിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യം ഉന്നയിച്ച ഫറാ ഖാന്‍ പത്രസമ്മേളനം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ശിരിഷ്, ഫറാ, സാജിദ്, നിര്‍മാതാവ് നദിയാവാല എന്നിവര്‍ ഷാരൂഖിന്റെ വീട്ടിലെത്തുകയും പിണക്കം മാറ്റുകയും ചെയ്തു. അടിപിടിയുണ്ടായശേഷം തങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമായിട്ടുണ്ടെന്നാണ് ശിരിഷ് ഐ.എ.എന്‍.എസിനോട് പറഞ്ഞത്.

Malayalam News
Kerala News in English