മുംബൈ: ബലാത്സംഗക്കേസില്‍ ദേരാ സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്ന കോടതി വിധിയില്‍ ബോളിവുഡ് സിനിമാ രംഗത്തുനിന്നും വലിയ പ്രതികരണമൊന്നുമുണ്ടായിരുന്നില്ല.

പബ്ലിക് ഫിഗറെന്ന നിലയ്ക്ക് ഏത് പരാമര്‍ശവും വിവാദമായേക്കുമെന്ന ഭയത്തിലാണ് പലതാരങ്ങളും മൗനം പാലിച്ചത്. എന്നാല്‍ അവരില്‍ നിന്നും വിഭിന്നനായി ഗുര്‍മീത് വിഷയത്തില്‍ പ്രതികരണം അറിയിച്ചിരിക്കുയാണ് കിങ് ഖാന്‍ ഷാരൂഖ്.


Dont Miss മുന്‍ മുഖ്യശിക്ഷകിന് നേരെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ബോംബേറും വെടിവെപ്പും; സംഭവം പൊയിലൂരില്‍

ഷാരൂഖ് ഖാന്‍ ടോക്ക് ഷോ എന്ന പരിപാടിക്കിടെയായിരുന്നു റാം റഹീമിനെതിതായ കോടതി വിധി വരുന്നത്. തുടര്‍ന്നായിരുന്നു ഷാരൂഖിന്റെ പ്രതികരണം.

ഷോയുടെ ഡയരക്ടര്‍ക്ക് ഒരുപക്ഷേ ഈ വിഷയം പ്രതിപാദിക്കുന്നതിനോട് യോജിപ്പുണ്ടായിരിക്കില്ലെന്നും എന്നാല്‍ റാം റഹീമിന് ശിക്ഷവിധിച്ച കോടതിവിധിയില്‍ സന്തോഷമുണ്ടെന്നും ഷാരൂഖ് പ്രതികരിച്ചു. എന്നാല്‍ ഷാരൂഖ് ഖാന്റെ പ്രതികരണം എയര്‍ ചെയ്യാന്‍ ചാനല്‍വിസമ്മതിച്ചെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

റാം റഹീമിനെതിരെ ആഞ്ഞടിച്ച് കഴിഞ്ഞ ദിവസം ക്രിക്കറ്റ് താരം ഗൗതം ഗംഭീറും രംഗത്തെത്തിയിരുന്നു. റാം റഹീം എന്താണ് ജനങ്ങളെക്കുറിച്ച് ചിന്തിച്ചിരിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും മതവും ആത്മീയതയും മാര്‍ക്കറ്റ് ചെയ്യുകയുമാണ് റാം റഹീം.

അതിര്‍ത്തിയില്‍ തീവ്രവാദികളുണ്ട്. ബലാത്സംഗക്കാര്‍ അതിര്‍ത്തിക്കുള്ളിലും. ഇതിനിടയില്‍ നാം ചര്‍ച്ച ചെയ്യുന്നത് സിനിമാ തീയേറ്ററില്‍ ദേശീയഗാനം വേണോ വേണ്ടയോ എന്നതാണെന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം.

റാം റഹീമിനെതിരെ പ്രതികരിക്കാന്‍ പ്രമുഖരെല്ലാം മടിച്ചുനില്‍ക്കുമ്പോഴായിരുന്നു ഗൗതം ഗംഭീര്‍ രംഗത്തെത്തിയിരുന്നത്. റാം റഹീമിന്റെ അനുയായികളുടെ അക്രമം ഭയന്നാണ് മിക്കവരും ഇയാള്‍ക്കെതിരെ പ്രതികരിക്കാന്‍ മടിക്കുന്നത്.

ബലാത്സംഗക്കേസില്‍ ഗുര്‍മീത് റാം റഹീം സിംഗിന് 20 വര്‍ഷം കഠിന തടവും 30 ലക്ഷം രൂപ പിഴയുമാണ് റോഹ്തക് കോടതി ശിക്ഷ വിധിച്ചത്.രണ്ട് ബലാത്സംഗക്കേസിലുമായാണ് കോടതി ഗുര്‍മീതിനുള്ള ശിക്ഷ വിധിച്ചത്.