ന്യൂയോര്‍ക്ക്: ബോളിവുഡ് താരം ഷാരൂഖ് ഖാനെ അമേരിക്കന്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. യെയില്‍ യൂണിവേഴ്‌സിറ്റി സന്ദര്‍ശനത്തിനെത്തിയ കിംഗ് ഖാനെ ന്യൂയോര്‍ക്ക് വിമാനത്താവളത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ രണ്ടു മണിക്കൂറോളം തടഞ്ഞുവെച്ചത്. ‘ എല്ലായ്‌പ്പോഴും സംഭവിക്കുന്നത് പോലെ’ എന്നാണ് ഷാരൂഖ് ഈ സംഭവത്തോട് പ്രതികരിച്ചത്.

ഷാരൂഖാനൊപ്പം മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനിയുമുണ്ടായിരുന്നു. സ്വാകാര്യവിമാനത്തില്‍ ന്യൂയോര്‍ക്കിലെ വൈറ്റ് പ്ലെയിന്‍സ് വിമാനത്താവളത്തിലെത്തിയതായിരുന്നു ഇവര്‍.

യെയില്‍ യൂനിവേഴ്‌സിറ്റിയുടെ പ്രത്യേകക്ഷണം സ്വീകരിച്ച് ക്ലാസെടുക്കാന്‍ വേണ്ടിയാണ് ഷാരൂഖ് അമേരിക്കയിലെത്തിയത്.  മുകേഷ് അംബാനിയുടെ മകളും ഭാര്യ നിത അംബാനിയും ഷാരൂഖിന്റെ കൂടെയുണ്ടായിരുന്നു. കൂടെയുണ്ടായിരുന്നവരെ പരിശോധന നടത്തിയശേഷം വിട്ടയച്ചെങ്കിലും ഷാരൂഖിനെ സുരക്ഷാ പരിശോധനയുടെ കാരണം പറഞ്ഞ് തടഞ്ഞു വയ്ക്കുകയായിരുന്നു.

‘ സംഭവത്തില്‍ ഖാന്‍ വളരെ ദു:ഖിതനാണ്. ഖാനെ തടഞ്ഞുവെച്ചതറിഞ്ഞ് യെയില്‍ യൂണിവേഴ്‌സിറ്റിയിലെ അധികൃതര്‍ക്ക് ആഭ്യന്തര സുരക്ഷാ ഡിപ്പാര്‍ട്ടുമെന്റുമായും, ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് ഡിപ്പാര്‍ട്ടുമെന്റുമായി സംസാരിക്കേണ്ടി വന്നു’ ഷാരൂഖുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

2009ലും ഷാരൂഖിനെ ന്യൂയോര്‍ക്ക് എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചിരുന്നു.