എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കൊല്‍ക്കത്ത ഫ്രാഞ്ചൈസിയ്ക്കായി ഷാരൂഖും ഗാംഗുലിയും
എഡിറ്റര്‍
Friday 14th March 2014 12:40pm

shah-rukh-and-ganguly

ഐ.പി.എല്‍. മോഡലില്‍ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കൊല്‍ക്കത്ത ഫ്രാഞ്ചൈസിയ്ക്കായി ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലിയും രംഗത്തെി.

ഷാറൂഖിനും ഗാംഗുലിയ്ക്കും  പുറമെ ബോളിവുഡ് താരം ജോണ്‍ എബ്രഹാം, യു.ടി.വി. സ്ഥാപകന്‍ റോനി സ്‌കാര്‍വാലെ, കോര്‍പ്പറേറ്റ് കമ്പനികളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ജെ.എസ്.ഡബ്ല്യു. എന്നിവയും ആദ്യ ആഴ്ചയില്‍തന്നെ  ഫ്രാഞ്ചൈസിയ്ക്കായി മുന്നോട്ടെത്തി.

ബാംഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി, ഗോവ, ഗുവാഹാട്ടി, കൊച്ചി, കൊല്‍ക്കത്ത, മുംബൈ, പുണെ നഗരങ്ങള്‍ക്കാണ് ഫ്രാൈഞ്ചസികള്‍ അനുവദിക്കുന്നത്. ഒരു ലക്ഷം രൂപയാണ് ടെന്‍ഡര്‍ സമര്‍പ്പിക്കുന്നതിനുള്ള ചിലവ്. 120 കോടി രൂപയാണ് ഫ്രാഞ്ചൈസികളുടെ അടിസ്ഥാനവില.

കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ഫ്രാഞ്ചൈസികള്‍ക്ക വേണ്ടിയുള്ള ടെന്‍ഡര്‍ സമര്‍പ്പിക്കല്‍ ആരംഭിച്ചത്. മാര്‍ച്ച് 25 വരെയാണ് ടെന്‍ഡറുകള്‍ സ്വീകരിക്കുക. ഐ.പി.എല്‍. മോഡല്‍ ക്രിക്കറ്റിന്റെ ഗുണവശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സൂപ്പര്‍ ലീഗിന് എ.ഐ.എഫ്.എഫും വാണിജ്യ പങ്കാളികളായ ഐ.എം.ജി റിലയന്‍സും സ്റ്റാര്‍ ഇന്ത്യ ചാനലും രൂപം നല്കിയിരിക്കുന്നത്. ലീഗിലെ കളിക്കാരുടെ ലേലം മെയ് മാസത്തില്‍ നടക്കും. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ മാസത്തിലേക്കാണ് ലീഗിനായി കൊച്ചി അടക്കമുള്ള സ്‌റ്റേഡിയങ്ങള്‍ ബുക്ക് ചെയ്തിരിക്കുന്നത്.

അതേ സമയം സൂപ്പര്‍ ലീഗിലെ കൊച്ചി ഫ്രാഞ്ചൈസിയ്ക്കായി  ഇതുവരെ കേരളത്തില്‍ ആരും ടെന്‍ഡര്‍ നല്കിയിട്ടില്ലെന്നാണ് കേരള ഫുട്‌ബോള്‍ അസോസിയേഷനില്‍ നിന്ന് ലഭിക്കുന്ന വിവരം. നേരത്തെ ടീമിനെ ഏറ്റെടുക്കാന്‍ പ്രവാസി മലയാളികളുടെ കൂട്ടായ്മ ശ്രമിക്കുന്നുണ്ടെന്ന സൂചനയുണ്ടായിരുന്നു.

ലീഗിന്റെ ഘടന പ്രകാരം ഓരോ ടീമിലും 22 കളിക്കാര്‍ ഉണ്ടാകും. ഇതില്‍ എട്ട് പേര്‍ ഇന്റര്‍നാഷണല്‍ താരങ്ങളും ബാക്കിയുളളവര്‍ ദേശീയ ടീം അണ്ടര്‍23, അണ്ടര്‍19 വിഭാഗത്തില്‍പ്പെട്ടവരുമാകും. എട്ട് ഇന്റര്‍നാഷണല്‍ താരങ്ങളില്‍ ഒരാള്‍ ഐക്കണ്‍ താരമാകും. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ താരം ഡിയ്യുറ്റ് യോര്‍ക്ക്, റോബര്‍ട്ട് പിറസ്, ലൂയി സാഹ, ഹെര്‍നാന്‍ ക്രെസ്‌പോ തുടങ്ങിയ വന്‍ താരങ്ങളെ ലീഗിലേക്ക് കരാര്‍ ചെയ്തിട്ടുണ്ട്.

Advertisement