എഡിറ്റര്‍
എഡിറ്റര്‍
ഇത് നടന്‍ ശ്യാം, സോറി 12 ദിവസം ഉറങ്ങാത്ത ശ്യാം
എഡിറ്റര്‍
Wednesday 27th June 2012 11:13am

കമല്‍ഹാസനും, രജനികാന്തും, അജിത്തും, സൂര്യയുമൊക്കെ നിറഞ്ഞാടിയ കോളിവുഡില്‍ നടന്‍ ശ്യാമിനുള്ള സ്ഥാനം ചോക്ലേറ്റ് നായകന്മാരുടെ കൂട്ടത്തിലാണ്. എന്നാല്‍ എല്ലാകാലവും ആ കൂട്ടത്തിലൊരാളായി നിന്ന് മറയാന്‍ ശ്യാം തയ്യാറല്ല.

തന്റെ കഥാപാത്രത്തിന് ജീവന്‍ പകരാന്‍ എന്തും റിസ്‌കും ഏറ്റെടുക്കാന്‍ തയ്യാറായിട്ട് തന്നെയാണ് ഇത്തവണ കോളിവുഡ് താരം ശ്യാം മുന്നോട്ടുവന്നിരിക്കുന്നത്.  തന്റെ ഡ്രീം പ്രോജക്ടായ ‘6’ ന്റെ തിരക്കിലാണ് ശ്യാമിപ്പോള്‍.

പുതിയ ചിത്രത്തിനായി ഒരു വര്‍ഷമായി ശ്യാം താടിയും മുടിയും വെട്ടിയിരുന്നില്ല. അതും പോരാതെ യാചകന്റെ ലുക്കിനുവേണ്ടി പന്ത്രണ്ട് ദിവസം ഉറക്കമിളച്ചതിന് ശേഷമാണ് ശ്യാം ലൊക്കേഷനിലെത്തിയത്.

‘6’ല്‍ ആറ് വേഷങ്ങളിലാണ് ശ്യാം പ്രത്യക്ഷപ്പെടുക. ആറ് സ്ഥലങ്ങളിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. മുംബൈ, ഗോവ, അഹമ്മദാബാദ്, കാണ്‍പൂര്‍, ലക്‌നൗ, കൊല്‍ക്കത്ത എന്നിവിടങ്ങളാണ് ലൊക്കേഷനുകള്‍.

ചിത്രത്തില്‍ സിക്‌സ് പാക്കിനുവേണ്ടി 89 കിലോയുണ്ടായിരുന്ന ശരീരഭാരം 72 കിലോയാക്കി. പ്രേക്ഷകര്‍ എക്കാലവും ഓര്‍ത്തിരിക്കാന്‍ വേഷം വ്യത്യസ്തമാക്കണമെന്ന് സംവിധായകന്‍ ദുരൈ ശ്യാമിനോട് നിര്‍ദ്ദേശിച്ചിരുന്നു. സംവിധായകന്റെ ഉപദേശം ശിരസാ വഹിച്ച ശ്യാം പിന്നെ പന്ത്രണ്ട് ദിവസത്തിന് ശേഷമാണ് സെറ്റിലെത്തിയത്. കാര്യമായി ഭക്ഷണമോ ഉറക്കമോ ഇല്ലാത്തതിനാലാണ് കണ്ണിനു താഴെ വീര്‍ത്തു തടിച്ചുകിടക്കുന്നത്.

ചിത്രത്തിന്റെ ക്ലൈമാക്‌സ് സീനിനുവേണ്ടിയാണ് ശ്യാമിന്റെ ഈ വേഷപ്പകര്‍ച്ച. കൊല്‍ക്കത്തയിലാണ് ക്ലൈമാക്‌സ് ചിത്രീകരിക്കുന്നത്.

ഈ ലുക്കില്‍ സെറ്റിലെത്തിയ ശ്യാമിനെ തിരിച്ചറിയാന്‍ ആദ്യം യൂണിറ്റംഗങ്ങള്‍ക്കുപോലുമായില്ല. ശ്യാമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ എല്ലാവരും ഞെട്ടി. ഞെട്ടല്‍ പൂര്‍ണമായും മാറും മുമ്പ് തന്നെ ദുരൈ സീനുകള്‍ ഷൂട്ട് ചെയ്യുകയും ചെയ്തു.

ഹോളിവുഡ് നടന്‍ ടോം ഹാങ്കിന്റെ കാസ്റ്റ് എവെയെന്ന ചിത്രത്തിലെ ലുക്കാണ് തനിക്ക് പ്രചോദനമായതെന്ന് ശ്യാം പറയുന്നു. തന്റെ ഹൃദയത്തോടടുത്തു നില്‍ക്കുന്ന ചിത്രമാണ് ‘6’ എന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement