കൊച്ചി: സംഘടനാ പ്രവര്‍ത്തനത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കുകയും നിയമപോരാട്ടങ്ങള്‍ക്ക് ശേഷം തിരിച്ചെടുക്കുകയും ചെയ്ത എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം എസ്.എഫ്.ഐയുടെ ഉജ്ജ്വല വിജയം. മുഴുവന്‍ ജനറല്‍ സീറ്റുകളും സ്വന്തമാക്കിയാണ് എസ്.എഫ്.ഐ യൂണിയന്‍ നേടിയത്.


Also Read: ‘നിങ്ങളുടെ വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു ബന്ധവുമില്ല’; ലോക്പാല്‍ നിയമനം മോദിക്കെതിരെ സമരത്തിനൊരുങ്ങി അണ്ണാ ഹസാരെ


വര്‍ഷങ്ങളായി രാഷ്ട്രീയ പ്രവര്‍ത്തനമില്ലാതിരുന്ന ക്യാംപസില്‍ ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്നാണ് യൂണിയന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്. 2016-17 അധ്യായന വര്‍ഷമാണ് എസ്.എഫ്.ഐ ഇവിടെ വീണ്ടും യൂണിറ്റ് രൂപീകരിക്കുന്നത്. ജിഷ്ണു പ്രണോയുടെ മരണത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയതോടെയാണ് ക്യാംപസില്‍ സംഘടനാ പ്രവര്‍ത്തനം തുടങ്ങുന്നത്.

പ്രകടനത്തെ തുടര്‍ന്ന് കോളേജിന് മുമ്പില്‍ വിദ്യാര്‍ത്ഥികള്‍ പതാക ഉയര്‍ത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് യൂണിറ്റ് ഭാരവാഹികള്‍ അടക്കം ഏഴ് പേരെ കോളേജില്‍ നിന്നും പുറത്താക്കിയിരുന്നു. പിന്നീട് നിയമപോരാട്ടങ്ങള്‍ക്ക് ശേഷമാണ് വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കുന്നത്. സര്‍വകലാശാല കോളേജ് അധികൃതരോട് വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ഇത്.


Dont Miss: ഹാദിയക്ക് നേരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനം; അവസ്ഥ സൃഷ്ടിച്ചത് കോടതി: വനിതാ കമീഷന്‍


യൂണിയന്‍ ചെയര്‍മാനായി മൂന്നാം വര്‍ഷ ഇന്‍ഡസ്രടിയല്‍ കെമിക്കല്‍ വിദ്യാര്‍ത്ഥി അരുണ്‍ ജോസഫ് ഹാരിയും ജനറല്‍ സെക്രട്ടറിയായി സിതാര സത്താറിനെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് നടന്ന 142 ക്ലാസുകളില്‍ 116ലും എസ്.എഫ്.ഐ പ്രതിനിധികള്‍ക്കായിരുന്നു ജയം.