തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ നീതിക്കായി നടത്തുന്ന പോരാട്ടത്തിന് പൂര്‍ണ്ണ പിന്തുണയെന്ന് എസ്.എഫ്.ഐ. മഹിജയുടെ സമരത്തെ തള്ളിപ്പറയാന്‍ തങ്ങളില്ല എന്നും എസ്.എഫ്.ഐ വ്യക്തമാക്കി. സമരത്തിന്റെ വൈകാരികത മനസിലാക്കുന്നുവെന്നും സംസ്ഥാന സെക്രട്ടറി എം. വിജിന്‍ പറഞ്ഞു.

ജിഷ്ണുവിന്റെ അമ്മ മഹിജ ഇന്ന് പൊലീസ് അതിക്രമത്തിന് ഇരയായതിന്റെ പശ്ചാത്തലത്തിലാണ് എസ്.എഫ്.ഐ നിലപാട് വ്യക്തമാക്കിത്. കുറ്റാരോപിതരെ മുഴുവന്‍ അറസ്റ്റ് ചെയ്യണമെന്നാണ് തങ്ങളുടെ നിലപാട്. പൊലീസ് സംയമനം പാലിക്കേണ്ടതായിരുന്നില്ലേ എന്ന കാര്യം പരിശോധിക്കേണ്ടതാണ്. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു.


Also Read: ജിഷ്ണുവിന്റെ അമ്മയോടുള്ള അതിക്രമം: സി.പി.ഐ.എം മന്ത്രിമാരെ നാളെ മുതല്‍ വഴി തടയുമെന്ന് എ.ബി.വി.പി; പിണറായിയെ നാളെ ‘വലിച്ചിഴയ്ക്കും’


ജിഷ്ണു പ്രണോയിയുടെ കാര്യത്തില്‍ ആദ്യം മുതല്‍ തന്നെ സമരരംഗത്തുള്ള സംഘടനയാണ് എസ്.എഫ്.ഐ. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ വീഴ്ചയുണ്ടായെന്ന കാര്യം വസ്തുതയാണ്. ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന സംഘം നന്നായി തന്നെയാണ് ഇടപെടുന്നത്. കൃഷ്ണദാസിനെ വിട്ടയച്ചത് മുന്‍കൂര്‍ ജാമ്യം ഉള്ളതിനാലാണ്. -വിജിന്‍ പറഞ്ഞു.

നേരത്തെ, ജിഷ്ണുവിന്റെ അമ്മയെ മര്‍ദ്ദിച്ച് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. പൊലീസ് ചെയ്തത് കൃത്യനിര്‍വ്വഹണം മാത്രമാണെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. ഡി.ജി.പി ഓഫീസിനു മുന്നില്‍ പ്രശ്‌നമുണ്ടാക്കിയത് ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കൊപ്പം ഉണ്ടായിരുന്നവരാണ്. തോക്കുസ്വാമി ഉള്‍പ്പെടെയുള്ളവരാണ് ഒപ്പമുണ്ടായിരുന്നത് എന്നാണറിയുന്നത്. ജിഷ്ണുവിന്റെ അമ്മയെ കാണാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സന്നദ്ധനായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഭവത്തില്‍ ഐ.ജി മനോജ് എബ്രഹാമിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കും. ജിഷ്ണുവിന്റെ അമ്മയെ ചികിത്സ നല്‍കാന്‍ വേണ്ടിയാണ് കൊണ്ടുപോയത്. ജിഷ്ണുവിന്റെ അമ്മയെ കാണാന്‍ താന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം തന്നെ പൊലീസ് മര്‍ദ്ദിച്ചുവെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു.