കോഴിക്കോട്: സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് കോളേജുകളുടെ ഏകപക്ഷീയ നിലപാടിനെതിരേ എസ്.എഫ്.ഐ രംഗത്തെത്തി. സ്വന്തം നിലയില്‍ പ്രവേശനം നടത്തുമെന്ന സ്വകാര്യ മാനേജ്‌മെന്റുകളുടെ നിലപാട് വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് എസ്.എഫ്.ഐ കുറ്റപ്പെടുത്തി.

സ്വന്തം നിലയില്‍ പ്രവേശനം നടത്തുമെന്ന നിലപാട് ഏകപക്ഷീയമാണ്. ഇത് സര്‍ക്കാറും മുഹമ്മദ് കമ്മറ്റിയും മാനേജ്‌മെന്റുകളും ചേര്‍ന്നുള്ള ഒത്തുകളിയാണെന്നും വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണെന്നും എസ്.എസ്.ഐ ആരോപിച്ചു.

നേരത്തേ സ്വന്തം നിലയില്‍ പ്രവേശനം നടത്താന്‍ സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാറിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയുമുണ്ടാകാത്തതിനെത്തുടര്‍ന്നാണ് നീക്കമെന്നും അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ 50-50 ഫോര്‍മുല ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കണമെന്ന് എം.ഇ.എസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഒത്തുതീര്‍പ്പ് ധാരണയില്‍ നിന്ന് പിന്നോട്ടുപോകുമെന്നും എം.ഇ.എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി.