തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഇടുക്കിയിലെ എസ്.എഫ്.ഐ നേതാവായിരുന്ന അനീഷ് രാജന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.

യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് ആരംഭിച്ച മാര്‍ച്ച് സ്‌പെന്‍സര്‍ ജംഗ്ഷനില്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.

വിദ്യാര്‍ഥികളോട് പിരിഞ്ഞുപോകാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇതിന് വിദ്യാര്‍ത്ഥികള്‍ തയ്യാറായില്ല. ഒന്നുകില്‍ തങ്ങളെ അറസ്റ്റ് ചെയ്യണമെന്നും അല്ലെങ്കില്‍ സെക്രട്ടറിയേറ്റിലേക്ക് പോകാന്‍ അനുവദിക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം.

ഇതിനിടെ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളില്‍ ഒരു സംഘം യൂണിവേഴ്‌സിറ്റി കോളജിനുള്ളിലേക്ക് ഓടിക്കയറി പോലീസിന് നേര്‍ക്ക് കല്ലെറിയുകയായിരുന്നു. ഇതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

ഗ്രനേഡും, കണ്ണീര്‍വാതക ഷെല്ലുകളും ഉപയോഗിച്ചാണ് പൊലീസ് വിദ്യാര്‍ഥികളെ നേരിട്ടത്. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ എസ്.എഫ്‌.ഐ പാളയം ഏരിയ സെക്രട്ടറി നിയാസിന്റെ നില ഗുരുതരമാണ്.

തലയ്ക്ക് ലാത്തിയടിയേറ്റ നിയാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗ്രനേഡ് എറിഞ്ഞ് വീഴ്ത്തിയാണ് വിദ്യാര്‍ഥികളെ പൊലീസ് വളഞ്ഞിട്ട് തല്ലിച്ചതച്ചത്.

23 തവണയാണ് പൊലീസ് വിദ്യാര്‍ഥികള്‍ക്ക് നേരെ ഗ്രനേഡ് പ്രയോഗിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ പൊലീസ് വേട്ടയില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി ബിജുവടക്കമുള്ള നേതാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന അനീഷ് രാജന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പൊലീസ് തല്ലിച്ചതച്ച സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.

പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളേജില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സി.പി.ഐ.എം പ്രവത്തകരും എത്തിയിട്ടുണ്ട്.