lakshminair1
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ പുറത്തുമെന്ന് മാനേജ്‌മെന്റ് ഉറപ്പുനല്‍കിയതായി എസ്.എഫ്.ഐ. രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചെന്നും എസ്.എഫ്.ഐ പറഞ്ഞു. വിഷയത്തില്‍ ലോ അക്കാദമി മാനേജ്‌മെന്റ് അല്പസമയത്തിനകം വാര്‍ത്താ സമ്മേളനം നടത്തും.

പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായര്‍ ഒഴിയും പകരം വൈസ് പ്രിന്‍സിപ്പൡ് 5 വര്‍ഷത്തേക്കുള്ള ചുമത നല്‍കി. ഫാക്കല്‍റ്റിയായിപ്പോലും ലക്ഷ്മി നായര്‍ കാമ്പസില്‍ എത്തില്ലെന്നും മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയതായി എസ്.എഫ്.ഐ പറഞ്ഞു.

എല്ലാ ആവശ്യങ്ങളും മാനേജ്‌മെന്റ് അംഗീകരിച്ചെന്നും സമരം വിജയമാണെന്നും എസ്.എഫ്.ഐ പറഞ്ഞു. സമരം ഇന്നത്തോടെ അവസാനിപ്പിച്ചതായും എസ്.എഫ്.ഐ പറഞ്ഞു.


30-1-2017 നും 31-1-2017 നും എസ്.എഫ്.ഐയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ താഴെ പറയുന്ന തീരുമാനങ്ങള്‍ അംഗീകരിച്ചു

പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായര്‍ സ്ഥാനത്തില്‍ നിന്ന് ഒഴിഞ്ഞ് പകരം വൈസ് പ്രിന്‍സിപ്പല്‍ പ്രിന്‍സിപ്പാലിന്റെ ചുമതല നല്‍കിയിരിക്കുന്നു. 5 വര്‍ഷത്തേക്ക് പേരൂര്‍ക്കട ലോ അക്കാദമി കാമ്പസില്‍ ഫാക്കല്‍റ്റി സ്ഥാനത്തുണ്ടാവില്ല.

അറ്റന്‍ഡന്‍സ് റിപ്പോര്‍ട്ട് എല്ലാ മാസവും പ്രസിദ്ധീകരിക്കുന്നതാണ്.

ഇന്റേണല്‍സ് വിഷയം പഠിപ്പിക്കുന്ന അതാത് അധ്യാപകര്‍ ആയതിന്റെ ചുമതല വഹിക്കുന്നതും അത് കോളം തിരിച്ച് പ്രത്യേകം രേഖപ്പെടുത്തുന്നതുമാണ്.

ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട പരാതികള്‍ പരഹരിക്കുന്നതിന് ഒരു സെല്‍ രൂപീകരിക്കുന്നതും വിദ്യാര്‍ത്ഥികളോടുകൂടി ആലോചിച്ച് 3 അധ്യാപകരടങ്ങുന്ന സമിതിക്ക് അതിന്റെ ചുമതല നല്‍കുന്നതുമാണ്.

കോളേജിനകത്തുള്ള പൊതുവായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കോളേജ് യൂണിയന്‍ നോമിനേറ്റ് ചെയ്യുന്ന ഒരു വനിതയടക്കം രണ്ട് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന കോളേജ് കൗണ്‍സില്‍ രൂപീകരിക്കും. സമരവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളോട് യാതൊരുവിധ നടപടികളും സ്വീകരിക്കുന്നതല്ല.

മൂട്ട് കോര്‍ട്ട്, ചേമ്പര്‍ വര്‍ക്ക് കോര്‍ട്ട് വര്‍ക്ക് തുടങ്ങിയ സമരത്തെ തുടര്‍ന്ന് മുടങ്ങിയിട്ടുള്ള അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ പുനരാരംഭിക്കുന്നതാണ്.

ഹോസ്റ്റലിനകത്ത് ഒരു മുതിര്‍ന്ന അധ്യാപകയുടെ അധ്യക്ഷതയില്‍ വാര്‍ഡനും മറ്റൊരു അധ്യാപികയും ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനി പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിക്കുന്നതാണ്. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ ഈ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ത്ഥികളുടെ അഭിപ്രായ രൂപീകരണത്തിലൂടെ ഹോസ്റ്റലിന് ഒരു നിയമാവലി തയ്യാറാക്കും.

ഹോസ്റ്റലിലെ നിയമനിര്‍മാണത്തിനും ഭേദഗതിക്കുമുള്ള പൂര്‍ണഅധികാരം സമിതിക്കായിരിക്കും

ന്യായമായ ആവശ്യങ്ങള്‍ക്ക് വാര്‍ഡന്റെ സമ്മതത്തില്‍ മാത്രം പുറത്തുപോകാനുള്ള അനുമതി.

ലേഡീസ് ഹോസ്റ്റല്‍ പരിസരത്തും സ്റ്റേഡിയത്തിലും വൈകീട്ട് 6 മണി വരെ കളിക്കാനുള്ള സ്വാതന്ത്ര്യം ലേഡീസ് ഹോസ്റ്റല്‍ അന്തേവാസികള്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.

എല്ലാ അക്കാദമിക്ക് ആക്ടിവിറ്റീസ് ലൈബ്രറി എന്‍.എസ്.എസ് അടക്കം പ്രോഗ്രാമുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യ പ്രാധാന്യം.

ഒന്നാം വര്‍ഷ അഡ്മിഷന്‍ പൂര്‍ത്തിയാക്കി ഒരു മാസത്തിനകം കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്തും.

സര്‍വകലാശാലയുടെ നിര്‍ദേശമനുസരിച്ചായിരിക്കും ക്യാമറകളുടെ പ്രവര്‍ത്തനം

പി.റ്റി.എ രൂപീകരിക്കുന്നതാണ്.

കോളേജില്‍ നടക്കുന്ന സെമിനാറുകള്‍ക്ക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികളില്‍ നിന്നും മറ്റ് വിദ്യാര്‍ത്ഥിനികളില്‍ നിന്നും നിര്‍ബന്ധിത ഫീസ ്ഈടാക്കുന്നതല്ല.

മുട്ട് കോര്‍ട്ട് അംഗങ്ങള്‍ക്കും ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും രാഷ്ട്രീയപ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുന്നതാണ്. മുട്ട് കോര്‍ട്ട് ക്ലയിന്റ് കണ്‍സള്‍ട്ടിങ് മത്സരങ്ങള്‍ക്കായി വനിതാഹോസ്റ്റല്‍ റൂം ഒഴിയുന്നവര്‍ക്ക് മുട്ട് കോര്‍ട്ടില്‍ സഹായിച്ചതായിപരിഗണിച്ച് ആയതിന്റെ ആനുകൂല്യം നല്‍കുന്നതായിരിക്കും.

ഇത്തരത്തില്‍ തങ്ങള്‍ ഉന്നയിച്ച 17 ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചെന്നും എസ്.എഫ്.ഐ പറഞ്ഞു.

രാജിപറ്റില്ലെന്ന നിലപാടില്‍ ലക്ഷ്മി നായര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.  ഒരു വര്‍ഷത്തേക്ക് പ്രിന്‍സിപ്പല്‍ ചുമതലയില്‍ നിന്ന് മാറിനില്‍ക്കുകയും എന്നാല്‍ അധ്യാപനത്തില്‍ തുടരുകയും ചെയ്യുക എന്ന നിലപാടാണ് കഴിഞ്ഞ ദിവസം ലക്ഷ്മി നായര്‍ കൈക്കൊണ്ടത്.