മലപ്പുറം: എ.കെ.ജിയെ കുറിച്ച് വി.ടി ബല്‍റാം എം.എല്‍.എ നടത്തിയ പരാമര്‍ശത്തിന് മറുപടിയായി അക്രമവും അധിക്ഷേപവും നടത്തുന്നത് ശരിയെല്ലെന്ന് എസ്.എഫ്.ഐ അഖിലേന്ത്യാ നേതാവ് വി.പി സാനു.

ബല്‍റാം പറഞ്ഞതിനോട് അതെ രീതിയില്‍ മറുപടി നല്‍കുന്നതില്‍ യോജിപ്പില്ലെന്നും സമൂഹ മാധ്യമങ്ങളിലൂടെ വിവാദമുണ്ടാക്കി ശ്രദ്ധപിടിച്ച് പറ്റാനാണ് ബല്‍റാം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ക്കും ഏത് കാര്യങ്ങളിലും അഭിപ്രായം പറയാം പക്ഷേ ഒരാളെയും അധിക്ഷേപിക്കാന്‍ പാടില്ല. അത്തരത്തില്‍ ആരെങ്കിലും ചെയ്താല്‍ അയാളെ വിമര്‍ശിക്കാം അതിന് സ്വാതന്ത്യമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ അഭിപ്രായം പറയുന്നവരെ അക്രമത്തിലൂടെ നേരിടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കമ്യൂണിസ്റ്റ് നേതാവായ എ.കെ.ജി ബാലപീഡനം നടത്തിയെന്നായിരുന്നു ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പിന്റെ ഒരു കമന്റിന് മറുപടിയായി വി.ടി ബല്‍റാം പറഞ്ഞത്. ബല്‍റാമിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസം തൃത്താലയില്‍ വെച്ച് ഇടത്പ്രവര്‍ത്തകര്‍ വി.ടി ബല്‍റാമിന് നേരെ ചീമുട്ടയെറിയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. തൃത്താലയില്‍ സ്വകാര്യ ലാബിന്റെ ഉദ്ഘാടന ചടങ്ങിന് എത്തിയപ്പോഴായിരുന്നു സംഭവം.