എഡിറ്റര്‍
എഡിറ്റര്‍
ആഭ്യന്തര വകുപ്പിനും സി.പി.ഐയ്ക്കുമെതിരേ രൂക്ഷ വിമര്‍ശനവുമായി എസ്.എഫ്.ഐ
എഡിറ്റര്‍
Monday 13th March 2017 10:17am

 

കാസര്‍കോട്: സംസ്ഥാന ആഭ്യന്തര വകുപ്പിനേയും സി.പി.ഐയേയും വിമര്‍ശിച്ച് എസ്.എഫ്.ഐ കാസര്‍കോട് ജില്ലാ സമ്മേളനം. എസ്.എഫ്.ഐ പ്രവര്‍ത്തകരെ ആഭ്യന്തര വകുപ്പ് നിരന്തരം വേട്ടയാടുകയാണെന്നും ആളില്ലാ സംഘടനയുടെ നേതാക്കളാണ് എസ്.എഫ്.ഐയേ കുറ്റപ്പെടുത്തുന്നതെന്നും സമ്മേളന പ്രതിനിധികള്‍ പറഞ്ഞു.


Also read ‘ബി.ജെ.പി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു’; ഗോവയില്‍ ഗവര്‍ണര്‍ മര്യാദ പാലിച്ചില്ല: കോണ്‍ഗ്രസ്


രാജപുരം കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ബി. വൈശാഖിനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാത്തതാണ് പ്രവര്‍ത്തകര്‍ ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനം ഉന്നയിക്കാന്‍ കാരണം. സംസ്ഥാനത്ത് പൊലീസ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ തെരഞ്ഞ് പിടിച്ച് വേട്ടയാടുകയാണെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

വൈശാഖിനെ മര്‍ദ്ദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെ സമരങ്ങള്‍ നടത്തിയിട്ടും ആഭ്യന്തര വകുപ്പ് യാതൊരും നടപടിയും സ്വീകരിച്ചില്ലെന്നത് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. തിരുവവന്തപുരം ലോ കോളേജ് വിഷയത്തില്‍ എസ്.എഫ്.ഐക്കെതിരെ പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത് വന്നതിനെതിരേയും പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു.

എ.ഐ.എസ്.എഫിന്റെ വിമര്‍ശനങ്ങള്‍ക്കെതിരെയും പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചെങ്കിലും ആളില്ലാ സംഘടനയായ എ.ഐ.എസ്.എഫിന്റെ നേതാക്കള്‍ പറയുന്ന അഭിപ്രായങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്നാണ് സംഘടനാ ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ സംസ്ഥാന സെക്രട്ടറി എം. വിജന്‍ പറഞ്ഞത്.

Advertisement