തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ മുസ്ലീങ്ങള്‍ക്കായി സംവരണം ചെയ്ത മെഡിക്കല്‍ സീറ്റുകളില്‍ പ്രവേശനം നേടണമെങ്കില്‍ ഏതെങ്കിലുമൊരു മതസംഘടനയുടെ ഭാഗമാകണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ എസ്.എഫ്.ഐ. സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡണ്ട് ജെയ്ക്ക് സി തോമസ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

Subscribe Us:

‘പുറത്ത് വരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിവിധിയുടെ അന്ത:സത്ത കെടുത്തുന്ന നിര്‍ദ്ദേശങ്ങളാണ് സര്‍ക്കുലറിലുള്ളത്. സര്‍ക്കാര്‍ അടിയന്തിരമായി സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ തയ്യാറാകണം.’

മെറിറ്റും സാമൂഹ്യനീതിയും അട്ടിമറിക്കുന്നതാണ് സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങളെന്നും ജെയ്ക്ക് വ്യക്തമാക്കി.

നേരത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ മുസ്ലീങ്ങള്‍ക്കായി സംവരണം ചെയ്ത മെഡിക്കല്‍ സീറ്റുകളില്‍ പ്രവേശനം നേടണമെങ്കില്‍ ഏതെങ്കിലുമൊരു മതസംഘടനയുടെ ഭാഗമാകണമെന്ന് നിഷ്‌കര്‍ഷിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. സീറ്റുവിഭജനം സംബന്ധിച്ച് സ്വാശ്രയമാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ശുപാര്‍ശ അംഗീകരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനനന്ദനാണ് ഉത്തരവ് പുറത്തിറക്കിയത്.


Also Read:മാധ്യമപ്രവര്‍ത്തകരോടുള്ള രോഷപ്രകടനം; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്


മുസ്‌ലീങ്ങള്‍ക്കായി സംവരണം ചെയ്ത സീറ്റുകള്‍ മുജാഹിദ്, സുന്നി, ജമാഅത്തെ ഇസ്‌ലാമി, കേരള മുസ്‌ലിം, ജമാഅത്ത് എന്നീ സംഘടനകള്‍ക്ക് വിഭജിച്ചു നല്‍കുകയാണ് സര്‍ക്കാര്‍ ഉത്തരവിലൂടെ ചെയ്തിരിക്കുന്നത്. ഈ സംഘടനകളില്‍പെട്ടവരുടെ മക്കള്‍ക്ക് പ്രവേശനം എന്ന പേരിലാണ് ഉത്തരവിറങ്ങിയത്. ഇതിനായി റവന്യൂ അധികാരികളില്‍ നിന്നുള്ള രേഖയും അതത് സ്ഥാപനങ്ങള്‍ നടത്തുന്ന മതസംഘടനാ ഭാരവാഹികള്‍ നല്‍കുന്ന രേഖയും നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതോടെ ഈ വിഭാഗങ്ങളിലൊന്നും പെടാത്ത മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് സംവരണാനുകൂല്യം ലഭിക്കാതെയാവും.

നടപടിയില്‍ തെറ്റില്ലെന്ന ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ വാദത്തോട് യോജിപ്പില്ലെന്നും ജെയ്ക്ക് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.