ന്യൂദല്‍ഹി:അശ്ലീലച്ചുവയുള്ള സുഗന്ധലേപനപരസ്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി. ലൈംഗികതയുടെ അതിപ്രസരവും സത്രീമോഡലുകളുടെ അല്‍പവസ്ത്രധാരണവുമാണ് ഇത്തരം പരസ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ കാരണം.

പരസ്യങ്ങളുടെ ധാര്‍മ്മികത സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാറിന്റെ ഈ നടപടി.

അഞ്ച് ദിവസത്തിനകം ഇത്തരം പരസ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുറപ്പെടുവിക്കാന്‍ പരസ്യങ്ങളുടെ മേല്‍നോട്ടചുമതല വഹിക്കുന്ന അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

പുരുഷന്മാര്‍ ഉപയോഗിക്കുന്ന പെര്‍ഫ്യൂമുകള്‍ക്കെല്ലാം സ്ത്രീകളെ ഉപയോഗിച്ച് മാത്രമാണ് പരസ്യംചെയ്യുന്നതെന്ന വൈരുദ്ധ്യവും വാര്‍ത്താവിതരണമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. അതേസമയം പ്രത്യേകിച്ചൊരു കമ്പനിയുടെ പേരും മന്ത്രാലയം പരാമര്‍ശിച്ചിട്ടില്ല.