എഡിറ്റര്‍
എഡിറ്റര്‍
തമിഴര്‍ക്കെതിരെ ശ്രീലങ്കന്‍ സൈനികര്‍ ലൈംഗിതിക്രമങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ട്
എഡിറ്റര്‍
Wednesday 27th February 2013 9:07am

കൊളംബോ: ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്കെതിരെ സൈന്യം നടത്തിയ കിരാതനടപടികളെ കുറിച്ച് വീണ്ടും തെളിവുകള്‍. 2006-2012 കാലഘട്ടത്തില്‍ ശ്രീലങ്കയിലെ എല്‍.ടി.ടി.ഇ അനുകൂലികള്‍ക്കെതിരെ ശ്രീലങ്കന്‍ സേന ലൈംഗികാതിക്രമങ്ങളടക്കമുള്ള പീഡനങ്ങള്‍ നടത്തിയതിന്റെ രേഖകളാണ് പുറത്ത് വന്നിരിക്കുന്നത്.

Ads By Google

ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. 2006-2012 കാലഘട്ടത്തിനിടയില്‍ പോലീസ്, സേന, സമാന്തര സൈനിക വിഭാഗം എന്നിവരടക്കമുള്ളവര്‍ തമിഴ് വംശജരായ സ്ത്രീകളെയും പുരുഷന്മാരേയും കുട്ടികളേയും ലൈംഗികാതിക്രമങ്ങളുള്‍പ്പെടെയുള്ള പീഡനങ്ങള്‍ക്ക് ഇരയാക്കിയതായാണ് റിപ്പോര്‍ട്ട്.

എല്‍.ടി.ടി.ഇ ബന്ധത്തിന്റെ പേരില്‍ ആരോപണവിധേയരാവരേയും തടവിലാക്കപ്പെടുന്നവരെയും തുടര്‍ച്ചയായി ലൈംഗിക പീഡനങ്ങള്‍ക്കടക്കം വിധേയരാക്കിയിരുന്നതായ വെളിപ്പെടുത്തല്‍.

സ്ത്രീകളും കുട്ടികളുമടക്കം  75 പേരുടെ വെളിപ്പെടുത്തലുകളാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്. 2009ന് ശേഷം 31 ഓളം ബലാത്സംഗ പീഡന കേസുകളാണ് ശ്രീലങ്കയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2009 ല്‍ അവസാനിച്ചെങ്കിലും ഇപ്പോഴും മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

141 പേജുകളുള്ള റിപ്പോര്‍ട്ടില്‍ സേനയുടെ ക്രൂരനടപടികളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. സേനയുടെ ഔദ്യോഗിക കേന്ദ്രങ്ങളില്‍ വെച്ചും രഹസ്യകേന്ദ്രങ്ങളില്‍ വെച്ചുമാണ് പീഡനങ്ങള്‍ നടന്നത്.

തമിഴ് വംശജര്‍ക്കെതിരെയുള്ള രാഷ്ട്രീയ പ്രോത്സാഹനത്തോടെ നടക്കുന്ന ഇത്തരം പീഡനങ്ങള്‍ ഇപ്പോഴും തുടരുന്നതായും ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ ഏഷ്യ ഡയറക്ടര്‍ ബ്രാഡ് ആദംസ് പറയുന്നു. ഇപ്പോഴും ശ്രീലങ്കയില്‍ തമിഴര്‍ എല്‍.ടി.ടി.ഇ ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സേനയുടെ പീഡനത്തിനിരയായവരുടെ അനുഭവങ്ങളെ ആധാരമാക്കിയാണ് ഹ്യൂമണ്‍ റൈറ്റ്‌സ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പുരുഷന്മാരെ കാരണം വ്യക്തമാക്കാതെ അറസ്റ്റ് ചെയ്ത ശേഷം ദിവസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കി നിര്‍ബന്ധപൂര്‍വ്വം കുറ്റസമ്മതം നടത്തിക്കുകയാണെന്നും ഇരകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

മുപ്പത്തിരണ്ടുകാരിയായ ഒരു സ്ത്രീയുടെ അനുഭവം ഇങ്ങനെയാണ്, രണ്ട് പേര്‍ ചേര്‍ന്ന് ഇവരെ ബലാത്സംഗം ചെയ്തതിന് ശേഷം ഇവരുടെ നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. എല്‍.ടി.ടി.ഇ ബന്ധമുള്ളതായി സമ്മതിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ നിരവധി പേര്‍ തന്നെ പീഡിപ്പിച്ചതായും ഇവര്‍ പറയുന്നു. ദിവസം എത്ര തവണ പീഡിപ്പിക്കപ്പെട്ടന്ന് പോലും പറയാന്‍ കഴിയാത്തവിധമായിരുന്നു പീഡനം.

എല്‍.ടി.ടി.ഇ ബന്ധം സമ്മതിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമായാണ് ശ്രീലങ്കന്‍ സേന ലൈംഗികാതിക്രമങ്ങളെ കാണുന്നത്.

എല്‍ ടി ടി ഇ നേതാവ് വേലുപ്പള്ളി പ്രഭാകരന്റെ മകന്‍ ബാലചന്ദ്രന്‍ പ്രഭാകരനെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ശ്രീലങ്കന്‍ സേനയുടെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള കൂടുതല്‍ രേഖകള്‍ പുറത്ത് വന്നിരിക്കുന്നത്.

ബാലചന്ദ്ര പ്രഭാകരനെ കുറിച്ച് ചാനല്‍ 4 പുറത്തുവിട്ട ഡോക്യുമെന്ററി വിവാദമായതിന് പുറകേയാണ് പുതിയ വെളിപ്പെടുത്തല്‍.

Sri Lanka: Rape of Tamil Detainees

Advertisement