Categories

ലൈംഗികബന്ധം വിവാഹമായി കണക്കാക്കാമെന്ന വിധിക്ക് വിശദീകരണവുമായി ജഡ്ജി

madras-high-court

ചെന്നൈ: പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീയും ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ അത് വിവാഹമായി കണക്കാക്കാമെന്ന വിധിയില്‍ വിശദീകരണവുമായി ജസ്റ്റിസ് കര്‍ണന്‍ രംഗത്തെത്തി.

കഴിഞ്ഞ ദിവസം ഒരു ജീവനാംശക്കേസുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിധി വിവാദമായ സാഹചര്യത്തിലാണ് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്‍ ബുധനാഴ്ച വിശദീകരണക്കുറിപ്പ് പുറപ്പെടുവിച്ചത്.

Ads By Google

വഞ്ചിതരാവുന്ന സ്ത്രീകളുടെ രക്ഷയ്ക്കു വേണ്ടിയാണെന്ന് ഇത്തരമൊരു വിധി പുറപ്പെടുവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ലൈംഗിക ചൂഷണത്തി നിരയാവുന്ന സ്ത്രീകളുടെ രക്ഷയ്ക്കും ഇന്ത്യയുടെ സാംസ്‌കാരിക അഖണ്ഡത നിലനിര്‍ത്തുന്നതിനുംവേണ്ടിയാണ് തന്റെ വിധിയെന്ന് ജസ്റ്റിസ് കര്‍ണന്‍ ചൂണ്ടിക്കാട്ടി.

1994 ല്‍ മുസ്‌ലിം ആചാര പ്രകാരം വിവാഹിതയായ തനിക്ക് രണ്ട് കുട്ടികളുണ്ടെന്നും എന്നാല്‍ 2000 മുതല്‍ വേര്‍പിരിഞ്ഞ് താമസിക്കുന്ന ഭര്‍ത്താവ് തനിക്കും കുട്ടികള്‍ക്കും ജീവിതച്ചെലവിനുള്ള പണം നല്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി കോടതിയിലെത്തിയത്.

യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഭര്‍ത്താവിനോട് യുവതിക്ക് പ്രതിമാസം 500 രൂപ വീതം നല്കണമെന്ന് നിര്‍ദേശിച്ചു. 2000 സപ്തംബര്‍ മുതല്‍ ഈ തുക നലേ്കണ്ടതുണ്ടെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു.

18 വയസ്സായ സ്ത്രീയും 21 വയസ്സായ പുരുഷനും ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ അത് വിവാഹ ബന്ധമായി പരിഗണിക്കാമെന്നായിരുന്നു വിധി.

‘താലികെട്ട്, മാല കൈമാറല്‍, മോതിരം അണിയിക്കല്‍, വിവാഹ രജിസ്‌ട്രേഷന്‍ തുടങ്ങിയ ചടങ്ങുകള്‍ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനുള്ള നടപടികള്‍ മാത്രമാണ്. എന്നാല്‍ പ്രായപൂര്‍ത്തിയായ ശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ അതും വിവാഹബന്ധമായി കണക്കാക്കപ്പെടണം.’

ലൈംഗികബന്ധത്തില്‍ നിന്ന് യുവതി ഗര്‍ഭിണിയായിട്ടുണ്ടെങ്കില്‍ അത് വിവാഹത്തിന് തുല്യമാണെന്ന് പറഞ്ഞ കോടതി ഗര്‍ഭമില്ലെങ്കിലും ലൈംഗികബന്ധം നടന്നതായി തെളിവുണ്ടെങ്കില്‍ അതും വിവാഹബന്ധമായി പരിഗണിക്കപ്പെടേണ്ടതുണ്ടെന്ന് വ്യക്തമാക്കി.

ഇന്ത്യക്കാരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തണമെന്നോ ഏതെങ്കിലും മതങ്ങള്‍ക്കെതിരെയോ ഉദ്ദേശിച്ചുള്ള വിധിയല്ല ഇത്. വിവാഹം എന്ന സംവിധാനത്തെയോ അതുമായി ബന്ധപ്പെട്ട മതപരമായ അനുഷ്ഠാനാചാരങ്ങളെയോ വിലകുറച്ച് കാണുകയെന്ന ഉദ്ദേശ്യവും ഈ വിധിക്കില്ല. ജസ്റ്റിസ് കര്‍ണന്‍ വിശദീകരിക്കുന്നു.

വിധി പൂര്‍ണമായും മനസ്സിലാക്കാതെ വിരുദ്ധാഭിപ്രായങ്ങള്‍ പുറപ്പെടുവിക്കാന്‍ പാടില്ല. വ്യത്യസ്ത സമുദായങ്ങളുടെ മതാചാരങ്ങള്‍ക്കോ സാംസ്‌കാരിക താത്പര്യങ്ങള്‍ക്കോ എതിരല്ല വിധി.

ഇന്ത്യന്‍ സംസ്‌കാരവും സ്ത്രീക്ഷേമവും സംരക്ഷിക്കുന്നതിനായി വിശദമായ വിശകലനത്തിനുശേഷം പുറപ്പെടുവിച്ചിട്ടുള്ള വിധിയാണിത്  ജസ്റ്റിസ് കര്‍ണന്‍ പറഞ്ഞു.

വിധിക്കെതിരെ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.  ജഡ്ജിയുടെ നിരീക്ഷണങ്ങള്‍ക്ക് നിയമത്തിന്റെ പിന്‍ബലമില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വിവാഹം എന്ന ആശയത്തെ തീര്‍ത്തും വ്യക്തിപരമായ ലൈംഗിക ബന്ധവുമായി കൂട്ടിക്കുഴച്ചെന്നും വിവാഹം എന്ന സംവിധാനത്തെ വെറും ലൈംഗികബന്ധത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍വചിക്കുന്നെന്നുമാണ് ജസ്റ്റിസ് കര്‍ണന്റെ വിധിക്കെതിരെ ഉയര്‍ന്ന മുഖ്യവിമര്‍ശനം.

Tagged with: |