അകാലത്തിലുണ്ടായ ഹൃദയാഘാതത്തിന് പ്രധാനകാരണം പുകവലിയാണെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പുകയിലയാണ് ജനങ്ങളുടെ ആരോഗ്യത്തിന് ഏറ്റവുവലിയ വെല്ലുവിളി സൃഷ്ടിക്കുന്നത്. വര്‍ഷം അറുപത് ലക്ഷത്തിലേറെ ആളുകളാണ് പുകയില ഉപയോഗം കാരണമുള്ള രോഗങ്ങള്‍ കൊണ്ട് മരിക്കുന്നത്. ഇതില്‍ ആറ് ലക്ഷത്തോളം പേര്‍ മരിക്കുന്നത് നേരിട്ടല്ലാതെ പുകശ്വസിച്ചുകൊണ്ടാണ്.

ഇന്ത്യയില്‍ ഇത്തരം മരണങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. വര്‍ഷം 10 ലക്ഷം ആളുകളാണ് ഇവിടെ മരിച്ചുവീഴുന്നത്. ഇതില്‍ 7% പേരും മുപ്പത് വയസുള്ളവരാണെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക് പറയുന്നുത്.

പുകയിലയുടെ ഉപയോഗം പ്രത്യേകിച്ച് പുകവലി ബ്രോങ്കൈറ്റിസ്,  ശ്വാസകോശ ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാവുന്നു. എന്നാല്‍ ഭൂരിപക്ഷം പേര്‍ക്കും ഇത് അകാല ഹൃദയാഘാതത്തിന് കാരണമാകുമെന്നറിയില്ല.

ഹൃദയസംബന്ധമായ രോഗങ്ങള്‍ കാരണം മരിക്കുന്ന 17.3മില്യണ്‍ ആളുകളില്‍ 10%വും പുകയില ഉപയോഗം കാരണമാണെന്നും ലോകാരോഗ്യസംഘടന പറയുന്നു.

‘ധമനികളില്‍ ഫാറ്റ് നിക്ഷേപിക്കപ്പെടുന്ന എത്തറോസ്‌ക്ലിറോസിസിന് പ്രധാനകാരണം പുകവലിയാണ്. ധമനികളില്‍ ഫാറ്റ് അടിഞ്ഞുകൂടുകയും അതുവഴി രക്തക്കുഴലുകള്‍ കട്ടിയുള്ളതാകുകയും രക്തം പ്രവാഹത്തിന് തടസം സൃഷ്ടിക്കുകയും ചെയ്യുന്നു ‘ ഹൃദ്രോഗ വിദഗ്ധനായ ഉപേന്ദ്ര കൗള്‍ പറയുന്നു.