തിരുവനന്തപുരം: അശ്ലീല ആംഗ്യം കാണിച്ചത് ചോദ്യം ചെയ്ത യുവതിയെയും സുഹൃത്തിനെയും പട്ടാപ്പകല്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമം. ഞായറാഴ്ച ഉച്ചക്ക് ജോലി സ്ഥലത്തുനിന്നും ഭക്ഷണം വാങ്ങിക്കാന്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള നാടന്‍ തട്ടുകട എന്ന കടയില്‍ നില്‍ക്കുമ്പോള്‍ KL 01 AV 1062 നമ്പര്‍ ഇന്നോവ കാറില്‍ വന്നവരില്‍ ഒരാള്‍ അശ്ലീല ആംഗ്യം കാണിച്ചപ്പോള്‍ അത് ചോദ്യം ചെയ്തപ്പോഴാണ് ഡൊക്യുമെന്ററി പ്രവര്‍ത്തകരായ എം. ജിഷയെയും, സുഹൃത്തായ ആശിഷ് പണിക്കരെയും അശ്ലീലച്ചുവയുള്ള തെറിവിളിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി യുവതി മ്യൂസിയം പോലീസില്‍ പരാതി നല്‍കി.

Ads By Google

സ്ഥലത്തുണ്ടായിരുന്ന പോലീസുകാരന്‍ സ്‌റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ പോലീസെത്തുകയും ഇന്നോവയില്‍ വന്നവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തിരുമല സുരേഷ്‌കുമാര്‍ (35), പിലിക്കോട് കണ്ണന്‍ ബാബു (38), വട്ടിയൂര്‍ക്കാവ് സുരേഷ് (52) തുടങ്ങിയവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പരാതി കൊടുക്കുന്നതിനിടയില്‍ പരാതിക്കാരായ രണ്ടുപേരെയും പുറത്തുവന്നാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പറഞ്ഞു.

എന്നാല്‍ പരാതി പിന്‍വലിക്കുന്നതിനായി വന്‍സമ്മര്‍ദ്ദമുള്ളതായി യുവതി ഡൂള്‍ന്യൂസിനോട് പറഞ്ഞു. പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കെ.പി ശശിയുടെ സഹപ്രവര്‍ത്തകരാണ് ഇരുവരും.