എഡിറ്റര്‍
എഡിറ്റര്‍
ലൈംഗികാരോപണം: തരുണ്‍ തേജ്പാലിനെതിരെ ഗോവ സര്‍ക്കാരിന്റെ അന്വേഷണം
എഡിറ്റര്‍
Thursday 21st November 2013 2:54pm

tarun-tejapal

ഗോവ: തെഹല്‍ക്ക പത്രാധിപ സ്ഥാനം രാജിവെച്ച തരുണ്‍ തേജ്പാലിനെതിരെ അന്വേഷണം. സഹപ്രവര്‍ത്തകയുടെ ലൈംഗികാരോപണത്തിന്‍മേലാണ് അന്വേഷണം.

ഗോവ സര്‍ക്കാരാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെത്തുടര്‍ന്ന് തെഹല്‍ക്ക എഡിറ്റര്‍ സ്ഥാനത്തു നിന്ന് തരുണ്‍ തേജ്പാലിനെ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു

ആറുമാസത്തേക്കാണ് തരുണിനെ എഡിറ്റര്‍ സ്ഥാനത്തു നിന്ന് മാറ്റിയിരിക്കുന്നത്.  പുതിയ എഡിറ്ററായി  ഷോമ ചൗധരി ചുമതലയേല്‍ക്കും.

ഗോവയില്‍ നടന്ന ചടങ്ങിനിടെയാണ് ജൂനിയര്‍ റിപ്പോര്‍ട്ടറെ തരുണ്‍ അപമാനിച്ചതെന്നാണ് പരാതി. കഴിഞ്ഞയാഴ്ചയാണ് തേജ്പാല്‍ അപമാനിച്ചെന്ന് ആരോപിച്ച് വനിതാ ജീവനക്കാരി മാനേജ്‌മെന്റിനു പരാതി നല്‍കിയത്..

തരുണ്‍ തേജ്പാലിന്റെ മകളുടെ സുഹൃത്തും ഉറ്റ സുഹൃത്തായ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്റെ മകളുമാണ് യുവതി. ആദ്യ പീഡന ശ്രമത്തെ അരുതെന്ന് പറഞ്ഞ് ചെറുത്തിട്ടും തേജ്പാല്‍ കാര്യമാക്കിയില്ലെന്നും പരാതിയിലുണ്ട്.

രണ്ട് തവണ സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ തരുണ്‍ ശ്രമിച്ചെന്ന് വനിതാ ജീവനക്കാരിയുടെ സുഹൃത്തും വെളിപ്പെടുത്തിയിട്ടുണ്ട്.

സംഭവത്തില്‍ സ്വമേധയാ കേസെടുക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചിരുന്നു.

ഇപ്പോള്‍ നടത്തുന്നത് പ്രാഥമിക അന്വേഷണമാണ്. ആരോപണം സത്യമാണെന്ന് തെളിഞ്ഞാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ഗോ മുഖ്യമന്ത്രി മനോഹര്‍ പരികാര്‍ പറഞ്ഞു.

തന്നെ പീഡിപ്പിച്ചെന്ന് പറഞ്ഞ് ഒരു യുവതിയുടെ കത്ത് തന്നെ ധാരാളമാണ് ഒരു കേസ് ഫയല്‍ ചെയ്യാനെന്ന് പോലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. കേസിന്റെ കൂടുതല്‍ സുതാര്യതയ്ക്കായി പെണ്‍കുട്ടി പറയുന്ന ഹോട്ടലിലെ സിസി ടിവി ലഭ്യമാക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

Advertisement