കാസര്‍കോട്: കാസര്‍കോട് കുമ്പളയില്‍ ലൈംഗികപീഡനത്തിന് വിധേയരായ കുട്ടികളുടെ കുടുംബങ്ങളെ നാടുകടത്തിയതായി പരാതി. പീഡനത്തിനിരയായ കുമ്പള ഗവ.ബേസിക് സ്‌കൂളിലെ 12 കുട്ടികള്‍ കഴിഞ്ഞദിവസം ടി സി വാങ്ങിപ്പോയതായി ഹെഡ്മിസ്ട്രസ് രജനി പറഞ്ഞു. കുമ്പള പീഡനക്കേസ് അട്ടിമറിക്കുകയാണ് ഇതിന്റെ പിന്നിലുള്ള ലക്ഷ്യമെന്നും ആരോപണമുണ്ട്.

കേസിലെ മുഖ്യപ്രതിയായ നരസിംഹനായ്കിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. സ്‌കൂളിന് സമീപം ഗുജിരിക്കടയും അതോടൊപ്പം മഡ്ക്ക ചൂതാട്ടവും നടത്തിവരുന്ന നരസിംഹനായ്ക്ക് ഓരോ കുട്ടികള്‍ക്കും 100 രൂപയും മിഠായിയും നല്‍കിയാണ് മാസങ്ങളായി പീഡിപ്പിച്ച് വന്നതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. കുട്ടികളുടെ കൈവശം 100 രൂപയുടെ നോട്ട് കണ്ടതിനെത്തുടര്‍ന്ന് അന്വേഷണംനടത്തിയപ്പോഴാണ് നരസിംഹനായ്ക്കിനെക്കുറിച്ച് കുട്ടികള്‍ പരാമര്‍ശിച്ചത്.

പീഡനത്തില്‍ മറ്റുചിലര്‍ക്കുകൂടി പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടും പോലീസ് വിശദാന്വേഷണം നടത്തിയിരുന്നില്ല. രാഷ്ട്രീയക്കാരും ചൂതാട്ടമാഫിയാ സംഘവും തമ്മിലുള്ള ബന്ധം കാരണം കേസ് തുടക്കംമുതല്‍തന്നെ ഒതുക്കി തീര്‍ക്കാനുള്ള ശ്രമം നടന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു. വനിതാ കമ്മീഷന്റെ ഇടപെടല്‍മൂലമാണ് പോലീസ് കേസെടുത്തതും പ്രതിയെ അറസ്റ്റു ചെയ്തതും.

പരാതിയെത്തുടര്‍ന്ന് മന്ത്രി കെ.എം മാണി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല.

ഇതിനിടെ പരാതിക്കാരായ പെണ്‍കുട്ടികളുടെ രക്ഷിതാക്കളെയെല്ലാം ചൂതാട്ടസംഘം തങ്ങളുടെ വരുതിയിലാക്കിയെന്നും ആക്ഷേപമുയര്‍ന്നിരുന്നു.