sexomaniaസെക്‌സോമാനിയ അഥാവാ നിദ്രാവേളയിലുള്ള ഭോഗം ഒരു ജനിതക പശ്‌നമാണെന്ന് പഠന റിപ്പോര്‍ട്ട്. ഓസ്‌ത്രേലിയയില്‍ നടന്ന ചില പഠനങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വിക്ടോറിയ യൂണിവേഴ്‌സിറ്റിയിലെ മനശാസ്ത്രവിദഗ്ധനായ ജെര്‍ണാഡ് കെന്നഡി നാല് സെക്‌സോമാനിയ രോഗികളില്‍ 16 വര്‍ഷമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. പഠനവേളയില്‍ ഒരു അച്ഛന്റെയും മകന്റെയും അസാധാരണമായ കേസാണ് ഈ നിഗമനത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. ശനിയാഴ്ച ആസ്‌ത്രേലിയയിലെ സ്ലീപ്പ് കോണ്‍ഫറന്‍സില്‍ കെന്നഡി ഈ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

പരീക്ഷണ വിധേയരായ അച്ഛനിലും മകനിലും ഉറങ്ങി 50 മുതല്‍ 70 മിനിറ്റിനുള്ളിലാണ് ഈ അസാധാരണ ലൈംഗികത കാണുന്നത്. ഈ രണ്ടുപേരും വളരെ പരുക്കന്‍ സ്വഭാവമുള്ളവരും പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങളെ പരിഗണിക്കാത്തവരുമാണ്. പങ്കാളി വഴങ്ങിയാലും ഇല്ലെങ്കിലും ഇവര്‍ ഇവരുടെ ഉദ്യമത്തില്‍ നിന്നും പിന്നോട്ടുപോകാറില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

സാധാരണയായ കുട്ടികള്‍ കൗമാരപ്രായത്തിലെത്തുന്നതോടെ നമ്മുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗം ഉറങ്ങുന്ന സമയത്ത് പ്രവര്‍ത്തിക്കാതെയാവും. എന്നാല്‍ ചില കുട്ടികളില്‍ ഇത് സംഭവിക്കാറില്ല. ഇത് ഉറക്കത്തില്‍ നടക്കുക, ഭക്ഷണം കഴിക്കുക, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക തുടങ്ങിയ അസ്വാഭാവിക കാര്യങ്ങള്‍ കാണപ്പെടാന്‍ ഇടയാക്കുമെന്നും ഡോക്ടര്‍ പറഞ്ഞു.