Categories

സെക്‌സ് ടൂറിസം; കേരളം മാടി വിളിക്കുന്നത് ആരെ?

കേരളം ടൂറിസത്തെയും ടൂറിസം കേരളത്തെയും വാരിപ്പുണര്‍ന്നുകൊണ്ടിരിക്കയാണ്. മുട്ടിന് മുട്ടിന് ടൂറിസ്റ്റ് ഹബ്ബുകള്‍ , വന്‍കിടവും ചെറുകിടവുമായ റിസോര്‍ട്ടുകള്‍ . വന്‍ തുകയുടെ ബജറ്റ് വിഹിതങ്ങള്‍ , കേരളത്തിന് അതിജീവിക്കാനുള്ള അവസാന വഴിയെന്നാണ് ടൂറിസത്തെ എല്ലാവരും പരിചയപ്പെടുത്തുന്നത്. ടൂറിസവുമായി ബന്ധപ്പെട്ട് പുതിയ പദാവലികള്‍ രൂപം കൊണ്ടു. കള്‍ച്ചറല്‍ ടൂറിസവും മെഡിക്കല്‍ ടൂറിസവും തീര്‍ഥാടന ടൂറിസവും.. അവസാനമായി സെക്‌സ് ടൂറിസവും.

ഇതില്‍ ഏറ്റവും വ്യാപാര സാധ്യതയുള്ളതാണ് സെക്‌സ് ടൂറിസം. കേരളത്തിന്റെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഏറെക്കുറെയെല്ലാം ഇന്ന് സെക്‌സ് മാഫിയയുടെ കയ്യിലകപ്പെട്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മൂന്നാം ലോക രാജ്യങ്ങളില്‍ ശരീര വില്‍പന വന്‍ വ്യവസായമായി മാറിക്കഴിഞ്ഞു. ആഗോളവത്കരണവും മുതലാളിത്തവും പാപ്പരാക്കിയ ആ ജനത സ്വന്തം ശരീരത്തെ കയറ്റി അയക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. മുതലാളിത്ത ചൂഷക വ്യവസ്ഥിതിയാണ് അതിന്റ ഉപഭോക്താക്കള്‍ . ഈ ആഗോള മാംസവിപണിയില്‍ കേരളവും സ്വന്തം ഇടം കണ്ടെത്തിയിരിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം.

ലൈംഗിക സ്വാതന്ത്ര്യമെന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ലൈംഗിക അരാജകത്വമെന്നാണെന്ന് കേരളത്തെ പഠിപ്പിക്കാനുള്ള തീവ്ര ശ്രമം സമാന്തരമായി നടക്കുന്നുണ്ട്. സക്കറിയ ഉള്‍പ്പെടെയുള്ളവര്‍ കുറച്ച് കാലമായി ഇതിനുള്ള തീവ്ര ശ്രമത്തിലാണ്. ലൈംഗിക അരാജകത്വം ടൂറിസത്തിലൂടെ എളുപ്പം ഒളിച്ചു കടത്താന്‍ കഴിയുമെന്ന് മുതലാളിത്തം മനസിലാക്കിയിട്ടുണ്ട്. ശരീരം വാങ്ങുന്നതോടെ ബാക്കിയുള്ള മുഴുവനും അവര്‍ക്ക് എളുപ്പം വാങ്ങാന്‍ കഴിയും. വിദേശികളും സ്വദേശികളുമായ മാംസവ്യപാരികളും ഇടനിലക്കാരും ഉപഭോക്താക്കളും മയക്കുമരുന്നും മദ്യവും കൂടിച്ചേര്‍ന്ന അപകടകരമായ ടൂറിസം സംസ്‌കാരത്തിലേക്ക് കേരളം അല്‍പം വേഗത്തില്‍ നടന്നുകൊണ്ടിരിക്കയാണ്.

സ്വദേശികള്‍ക്ക് വേണ്ടി വിദേശത്തു നിന്നും സ്ത്രീകളെ ഇറക്കുമതി ചെയ്യുന്നുണ്ട്. വിദേശികള്‍ക്ക് വേണ്ടി സ്വദേശികളുമുണ്ട്. ബാല്യങ്ങള്‍ ലിംഗ ഭേദമില്ലാതെ ഇവിടേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നു. അപകടമുണ്ടാവില്ലെന്ന് വിശ്വസിച്ച് ആണ്‍ കുട്ടികളെ വീട്ടുകാരുടെ അറിവോടെ തന്നെ ഇത്തരം കേന്ദ്രങ്ങളിലേക്ക് പറഞ്ഞു വിടുന്നവരുമുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. ടൂറിസമെന്ന ഒറ്റ മുദ്രാവാക്യത്തിന് മുന്നില്‍ എല്ലാവരും എല്ലാം മറക്കുന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ അനാശാസ്യത്തെക്കുറിച്ച് സര്‍ക്കാറിനും നല്ല ബോധ്യമുണ്ട്. അവിടെയെത്തി ‘മോറല്‍ പോലീസിങ്’ കളിച്ചാല്‍ ഉള്ള ടൂറിസ്റ്റുകള്‍ പൊടിയും തട്ടിപ്പോകും. അപ്പോള്‍ പിന്നെ ടൂറിസം വികസനമെന്ന് നാഴികക്ക് നാല്‍പത് വട്ടം ഉച്ചരിച്ചതും മുടക്കിയതും വെള്ളത്തിലാകും. അതെ ഈ മാംസ വ്യാപാരത്തില്‍ കേരള സര്‍ക്കാറിനും മുതല്‍ മുടക്കുണ്ട്.

വിദേശ വിപണിയില്‍ നിന്ന് പുറന്തള്ളുന്ന ലൈംഗിക ഇരകളെ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരുന്നതിന് മാഫിയ പ്രവര്‍ത്തിക്കുന്നതായി വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം തട്ടേക്കാട് ഉണ്ടായ അപകടം. അപകടത്തില്‍ മരിച്ച യുവാവിനൊപ്പമുണ്ടായിരുന്ന റഷ്യന്‍ യുവതികളെ ചുറ്റിപ്പറ്റി ദുരൂഹത നിലനില്‍ക്കുകയാണ്. ടൂറിസ്റ്റ് വിസയില്‍ ഇവരെ ഇവിടെ എത്തിക്കുന്നത് ദുബായ് ഏജന്റുമാരാണ്. നാട്ടിലെ സബ് ഏജന്റുമാര്‍ ഇവര്‍ക്ക് താമസിക്കാനും യാത്ര ചെയ്യാനും ബിസിനസ് നടത്താനും നേരത്തേ തന്നെ ബുക്കിംഗ് ഏര്‍പ്പാടാക്കും.

ഇവര്‍ക്കായി കുറഞ്ഞ ചെലവില്‍ മയക്കുമരുന്നും മദ്യവും സുലഭം. ആഡംബര റിസോര്‍ട്ടുകള്‍ , മുന്തിയ വാഹനങ്ങളില്‍ യാത്ര, ടൂറിസ്റ്റ് എന്ന ആനുകൂല്യം. കൊച്ചിയും ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും കൂടിച്ചേര്‍ന്ന് കേരളത്തില്‍ സെക്‌സ് ടൂറിസത്തിന്റെ പുതുയുഗപ്പിറവിക്ക് നാന്ദികുറിച്ചിരിക്കയാണ്.

റഷ്യ, ഉക്രെയിന്‍ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളാണ് ഈ മാര്‍ക്കറ്റുകളില്‍ കൂടുതലായും എത്തുന്നത്. സാമ്പത്തികപ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ചില യൂറോപ്യന്‍, ആഫ്രിക്കന്‍ രാജ്യക്കാരും എത്തുന്നുണ്ട്. മൂന്നുമാസത്തെ ടൂറിസ്റ്റ് വിസയ്‌ക്കെത്തുന്ന ഇവര്‍ വിമാനമിറങ്ങുന്ന ഉടന്‍ തന്നെ ഏജന്റുമാരുടെ വരുതിയിലായിരിക്കും. നഗരത്തിലെ ഇടത്തരം ഹോട്ടലുകളിലും ചീപ്പ് ബാറുകളിലും ഇത്തരക്കാര്‍ വര്‍ധിച്ച് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വ്യവസായ പ്രമുഖരും പോലീസ് ഉദ്യേഗസ്ഥരുമടങ്ങുന്ന വന്‍ ശൃംഖല ഇവര്‍ക്ക് പിന്തുണയുമായി രംഗത്തുണ്ട്. നാട്ടുകാരുടെ കണ്‍മുന്നില്‍ ഇവര്‍ സ്വതന്ത്രരായി പ്രവര്‍ത്തിക്കുമ്പോഴും പോലീസിന്റെ കണ്ണില്‍പ്പെടുന്നില്ലെന്ന് ശ്രദ്ധേയമാണ്.

തിരുവനന്തപുരം ജില്ലയില്‍ ടൂറിസത്തിന്റെ മറവില്‍ കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങളും മയക്കുമരുന്നു വ്യാപാരവും വര്‍ധിച്ചിരിക്കയാണ്. കോവളം, വിഴിഞ്ഞം സ്‌റ്റേഷനുകളില്‍ കുട്ടികളെ പീഡിപ്പിച്ചതിനു വിദേശികള്‍ക്കെതിരേ കഴിഞ്ഞവര്‍ഷം നിരവധി കേസുകളെടുത്തു. പക്ഷെ ഒന്നിലും നടപടിയുണ്ടായില്ല. തീരപ്രദേശത്തെ ആണ്‍കുട്ടികളില്‍ കൂടുതലായി രോഗങ്ങള്‍ കണ്ടു തുടങ്ങിയത് ശ്രദ്ധയില്‍പ്പെട്ട സാമൂഹിക പ്രവര്‍ത്തകരുടെ അന്വേഷണമാണു കുട്ടികളില്‍ കേന്ദ്രീകരിക്കുന്ന സെക്‌സ് റാക്കറ്റുകളെക്കുറിച്ചു ഞെട്ടിക്കുന്ന റിപ്പോര്‍്ട്ടുകള്‍ പുറം ലോകത്തെത്തിച്ചത്. ഇവിടെയും കുട്ടികളെ വിദേശ ടൂറിസ്റ്റുകള്‍ക്കെത്തിച്ച് നല്‍കാന്‍ ഏജന്റമാരുള്‍പ്പെട്ട മാഫിയകളഉണ്ട്.

കരകൗശല വില്‍പയെന്നും മറ്റും പറഞ്ഞ് കര്‍ണാടകയില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തിരുവനന്തപുരത്തെത്തിച്ച് മാംസ വിപണിയിലേക്ക് കൊണ്ട് പോകുന്ന സംഘമുണ്ട്. കോവളം മേഖലയിലെ വാടക വീടുകളിലാണ് ഇവരെ താമസിപ്പിക്കുന്നത്. വിദേശികള്‍ക്കു താമസ സൗകര്യം ഒരുക്കുന്നതു ഹോം സ്‌റ്റേകളിലാണ്. കഴിഞ്ഞ ടൂറിസം സീസണില്‍ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ടു ഇത്തരം പെണ്‍കുട്ടികളെ ഇവിടെ നിന്ന് മോചിപ്പിച്ചിരുന്നു. എന്നാല്‍ പോലീസ് സഹകരണമില്ലാതത്തിനാല്‍ തുടര്‍ നടപടികള്‍ക്ക് കഴിയുന്നില്ല.

കേരളത്തില്‍ ഏറ്റവും പ്രദേശികമായ ഇടങ്ങളില്‍ നിന്ന് പോലും പെണ്‍കുട്ടികളെ കണ്ടെത്തി ശരീര മാര്‍ക്കറ്റിലെത്തിക്കാന്‍ ഇന്ന് ഇന്റര്‍നെറ്റ് സൗകര്യം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇന്റര്‍നെറ്റില്‍ സ്ത്രീശാക്തീകരണത്തെക്കുറിച്ച് സെര്‍ച്ച് ചെയ്താല്‍ പോലും ലൈംഗിക വാണിഭത്തിന്റെ പുതിയ ഇടങ്ങളെക്കുറിച്ചാണ് പറഞ്ഞു തരുന്നത്. ടൂറിസ്റ്റുകള്‍ക്കൊപ്പം താമസിക്കാന്‍ താല്‍പര്യമുള്ളവരെ തേടിയും അതിന് തയ്യാറുള്ളവരെ കാണിച്ചും പത്ര പരസ്യങ്ങള്‍ വരെ വരുന്നു. കിടപ്പറ രംഗങ്ങള്‍ ഉള്‍പ്പെടെ ചിത്രീകരിച്ച് വിറ്റ് കാശാക്കുന്നത് പുതിയ കാലത്തെ അതിജീവന മാര്‍ഗമാണെന്ന് മുത്തശ്ശിപ്പത്രങ്ങള്‍ നമ്മോട് വിളിച്ച് പറയുന്നു. ലൈംഗിക വിപണി ഉണര്‍ന്നു കഴിഞ്ഞു. കേരളത്തിന് ഇനി തുണിയുരിഞ്ഞ് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാം. വില്‍ക്കാന്‍ മറ്റൊന്നുമില്ലാത്തവര്‍ക്ക് അവസാനമായുള്ള അഭയ കേന്ദ്രം ടൂറിസമാണെന്ന് പറഞ്ഞത് എങ്ങിനെ നിഷേധിക്കാനാകും?.

2 Responses to “സെക്‌സ് ടൂറിസം; കേരളം മാടി വിളിക്കുന്നത് ആരെ?”

  1. Haroon peerathil

    SO WE GAVE A NAME FOR KERALA VERY BEFORE GOD’S OWN COUNTRY.NOW WE TRY OUR VERY BEST LEVEL TO MAKE IT!!!

  2. Jeevan

    ee keralam nannaavumo..?

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.