എഡിറ്റര്‍
എഡിറ്റര്‍
ദരിദ്രരെ സഹായിക്കാന്‍ കോര്‍പറേറ്റ് ലൈംഗിക തൊഴിലാളികള്‍ പണിമുടക്കുന്നു
എഡിറ്റര്‍
Thursday 29th March 2012 12:16pm

മാഡ്രിഡ്: സ്‌പെയിനിലെ കോര്‍പറേറ്റ് ലൈംഗിക തൊഴിലാളികള്‍ തങ്ങളുടെ സേവനം നിര്‍ത്തി സമരത്തിലാണിപ്പോള്‍. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ ലോണുകള്‍ അനുവദിക്കാത്തതിനെതിരെയാണ് സമരം. ബാങ്കുകളോടുള്ള പ്രതിഷേധ സൂചകമായി സ്‌പെയിനിലെ കോര്‍പറേറ്റ് ലൈംഗിക തൊഴിലാളികള്‍ ദേശീയ ബാങ്കുകളിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം അന്തിയുറങ്ങില്ല എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സാമ്പത്തിക രംഗം താറുമാറായി കിടക്കുന്ന സ്‌പെയിനില്‍, സമൂഹത്തോടുള്ള ഉത്തരവാദിത്വം ബാങ്കുകള്‍ നിര്‍വഹിക്കുന്നത് വരെ എത്ര പണം നല്‍കിയാലും ബാങ്ക് ഉദ്യോഗസ്ഥരെ സുഖിപ്പിക്കില്ലെന്ന നിലപാടിലാണ് ലൈംഗിക തൊഴിലാളികള്‍. ഇത് ആരെയും പറ്റിക്കാന്‍ വേണ്ടിയല്ലെന്നും വര്‍ഷങ്ങളായി സ്റ്റാര്‍ട്ടിംഗ് റേറ്റ് ആയി തങ്ങള്‍ ഈടാക്കുന്ന മണിക്കൂറിന് 300 യൂറോ (20,500 രൂപ) എന്ന ചാര്‍ജ്ജ് പോലും നല്‍കാന്‍ ഇവര്‍ക്ക് സാധിക്കാറില്ലെന്നും നക്ഷത്ര ലൈംഗിക തൊഴിലാളികള്‍ പറയുന്നു.

മാഡ്രിഡിലെ ബാങ്കിംഗ് മേഖലയെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയുന്നത് തങ്ങള്‍ക്കു മാത്രമാണെന്ന് തലസ്ഥാനത്തെ കോര്‍പറേറ്റ് ലൈംഗിക തൊഴിലാളികളുടെ ഏറ്റവും വലിയ സംഘടനയായ ലക്ഷ്വറി പ്രോസ്റ്റിറ്റിയൂട്ട് ട്രേഡ് അസോസിയേഷന്‍ അവകാശപ്പെടുന്നു. ലൈംഗിക തൊഴിലാളികളുടെ സമരത്തിന് മുന്‍കൈയെടുത്തത് ഈ സംഘടനയാണ്.

സമരം തുടങ്ങിയതോടെ ആര്‍ക്കിടെക്റ്റാണെന്നും എഞ്ചിനീയറാണെന്നുമെല്ലാം നുണ പറഞ്ഞ് ബാങ്ക് ഉദ്യോഗസ്ഥര്‍ തങ്ങളെ സമീപിക്കുന്നുണ്ടെന്ന് ഇവര്‍ പറയുന്നു. അതുകൊണ്ട് തന്നെ ബാങ്കിംഗ് മേഖലയിലെ ഉദ്യോഗസ്ഥര്‍ക്ക് അധികാകാലം പിടിച്ചു നില്‍ക്കാനാവില്ലെന്നും ഇവര്‍ അവകാശപ്പെടുന്നു. ഇവരുടെ അവകാശ വാദം ശരിവെക്കുന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. കാരണം, ലൈംഗിക തൊഴിലാളികളുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ, സമരം ചെയ്യുന്ന ലൈംഗിക തൊഴിലാളികളുമായി സംസാരിച്ച് പരിഹാരമുണ്ടാക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

തൊഴിലില്ലായ്മക്കും സാമ്പത്തിക അസമത്വത്തിനുമെതിരെ സ്‌പെയിനില്‍ ഇന്ന് പൊതുപണിമുടക്ക് നടക്കുകയാണ്. ഇതിനു മുന്നോടിയായിട്ടാണ് കോര്‍പറേറ്റ് ലൈംഗിക തൊഴിലാളികള്‍ സേവനം നിര്‍ത്തി പണിമുടക്കിയത്. സ്‌പെയ്‌നിലെ എയര്‍പോര്‍ട്ടുകളില്‍ ഇന്ന് 20 ശതമാനം സര്‍വ്വീസുകളെ നടക്കുന്നുള്ളൂ.

2010ല്‍ സ്‌പെയിനില്‍ നടന്ന പൊതുപണിമുടക്കിന് വേണ്ടത്ര സ്വധീനം ചെലുത്താന്‍ സാധിച്ചില്ലെങ്കിലും ഇന്നത്തെ പണിമുടക്ക് ഗതാഗത സംവിധാനങ്ങളെ സ്തംഭിപ്പിക്കുമെന്നാണ് കരുതുന്നത്. 2010നുശേഷം രാജ്യത്ത് തൊഴിലില്ലായ്മ ഇരട്ടിയായിരിക്കുകയാണ്. അതിനിടെ, സ്‌പെയിന്‍ പ്രധാന മന്ത്രിയായ മരിയാനോ റജോയ് നാളെ അവതരിപ്പിക്കാനിരിക്കുന്ന പൊതുബജറ്റ് സാമ്പത്തികമായി പ്രതിസന്ധിയിലായവരെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ പരന്നിട്ടുണ്ട്.

Advertisement