എഡിറ്റര്‍
എഡിറ്റര്‍
ബംഗാളിലെ സ്‌കൂളുകളില്‍ വീണ്ടും ലൈംഗിക വിദ്യാഭ്യാസം പാഠ്യവിഷയമാക്കുന്നു
എഡിറ്റര്‍
Thursday 9th August 2012 1:20pm

കൊല്‍ക്കത്ത: ബംഗാളില്‍ ഇടതുപക്ഷ സര്‍ക്കാര്‍ മാറ്റി വെച്ച ലൈംഗിക വിദ്യാഭ്യാസ പരിപാടി പുനരാരംഭിക്കാന്‍ മമത സര്‍ക്കാര്‍ ഒരുങ്ങുന്നു. കൗണ്‍സില്‍ ഓഫ് ബോര്‍ഡ്‌സ് ഓഫ് സ്‌കൂള്‍ എജ്യുക്കേഷന്‍ ഇന്‍ ഇന്ത്യയാണ് ഇത്തരത്തില്‍ ഒരു നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.

2009ല്‍ ‘ലൈഫ്‌സ്‌റ്റൈല്‍ എജ്യുക്കേഷന്‍’ എന്ന പേരിലായിരുന്നു ഇടത് സര്‍ക്കാര്‍ ലൈംഗിക വിദ്യാഭ്യാസം നടപ്പിലാക്കിയത്. എന്നാല്‍ പല സ്‌കൂളുകളും ഈ വിഷയം പഠിപ്പിക്കുന്നതില്‍ നിന്നും സ്വയം വിട്ടു നില്‍ക്കുകയായിരുന്നു. പല പ്രയാസങ്ങളും നേരിട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പിന്നീട് ഇത് പിന്‍വലിക്കുകയും ചെയ്തു.

Ads By Google

വിദ്യാഭ്യാസ വിദഗ്ധ കമ്മിറ്റി ചെയര്‍മാന്‍ അവീക് മജുംദാറുമായി വെസ്റ്റ് ബംഗാള്‍ ഹയര്‍ സെക്കന്ററി കൗണ്‍സില്‍ പ്രസിഡണ്ട് മുക്തിനാഥ് ചഥോപാധ്യായ ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തുകയുണ്ടായി.

ഒന്‍പതാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയാണ് ഇത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. സയന്‍സ്, സൈക്കോളജി തുടങ്ങിയ വിഷയത്തോടൊപ്പമായിരിക്കും ലൈംഗിക വിദ്യാഭ്യാസം എന്ന വിഷയം ഉള്‍പ്പെടുത്തുക. താഴ്ന്ന ക്ലാസ്സുകളില്‍ ജീവശാസ്ത്രത്തോടൊപ്പം ഇത് പഠിപ്പിക്കും. ഒരു പ്രത്യേക വിഷയമായിട്ടായിരിക്കില്ല ഇത് പഠിപ്പിക്കുക. വിഷയത്തില്‍ പരീക്ഷയും ഉണ്ടാവില്ല.

വിദ്യാര്‍ത്ഥികള്‍ ഇതെങ്ങിനെ സ്വീകരിക്കുമെന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോഴും ആശങ്കയുണ്ട്. അധ്യാപകര്‍ക്കും ഇക്കാര്യത്തില്‍ വിദഗ്ധ പരിശീലനം നല്‍കേണ്ടതുണ്ട്.

ശരിയായ ഗൃഹപാഠമില്ലാതെ പദ്ധതി നടപ്പിലാക്കിയാല്‍ പദ്ധതിയ്ക്ക് ഉദ്ദേശിക്കുന്ന ഫലം ലഭിക്കില്ലെന്ന തിരിച്ചറിവും മമതാ സര്‍ക്കാരിനുണ്ട്. സര്‍ക്കാറിന്റെ അനുമതിയായാല്‍ അടുത്ത അധ്യയന വര്‍ഷം തന്നെ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.

Advertisement