എഡിറ്റര്‍
എഡിറ്റര്‍
തെറ്റായ വാര്‍ത്ത സംപ്രേക്ഷണം ചെയ്തതിനെത്തുടര്‍ന്ന് ബി.ബി.സി ഡയരക്ടര്‍ രാജി വെച്ചു
എഡിറ്റര്‍
Sunday 11th November 2012 8:59am

ലണ്ടന്‍: തെറ്റായ ലൈംഗിക വാര്‍ത്ത സംപ്രേക്ഷണം ചെയ്തതിനെ തുടര്‍ന്ന് ബി.ബി.സി ഡയരക്ടര്‍ രാജി വെച്ചു. ബ്രിട്ടനിലെ മുതിര്‍ന്ന നേതാവ് ടോറി ലോര്‍ഡ് മക് ആല്‍പൈന്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന തെറ്റായവാര്‍ത്ത സംപ്രേഷണം ചെയ്തതിനെ തുടര്‍ന്ന് ബി.ബി.സി ഡയരക്ടര്‍ ജനറല്‍ ജോര്‍ജ്ജ് എന്‍വിസില്‍ രാജിവച്ചു.

ഒരിക്കലും സംപ്രേഷണം ചെയ്യാന്‍ പാടില്ലാത്ത വാര്‍ത്ത ആയിരുന്നു അതെന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. രാജിവയ്ക്കുന്നതാണ് നല്ലതെന്നാണ് കരുതുന്നതെന്ന് അദ്ദേഹം ഇന്നലെ രാത്രി മാധ്യമങ്ങള്‍ക്ക് നല്‍കിയ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. നോര്‍ത്ത് വെയില്‍സ് കെയര്‍ ഹോമില്‍ നടന്ന് ബി.ബി.സിയുടെ ന്യൂസ് നൈറ്റ് പരിപാടിയില്‍ സംപ്രേഷണം ചെയ്ത വാര്‍ത്തയാണ് വിവാദമായത്. നവംബര്‍ രണ്ടിനാണ്  ഈ വാര്‍ത്ത സംപ്രേഷണം ചെയ്തത്.

Ads By Google

ബി.ബി.സി വാര്‍ത്തകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം എഡിറ്റര്‍ ഇന്‍ ചീഫ് കൂടിയായ തനിക്ക് ആയതിനാലാണ് രാജിവെക്കുന്നതെന്ന് എന്‍വിസില്‍ പത്രക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ സെപ്തര്‍ 17 നാണ് എന്‍വിസില്‍ ബി.ബി.സി ഡയറക്ടര്‍ ജനറലായി ചുമതല ഏറ്റെടുക്കുന്നത്.

ഏറ്റവും ചുരുങ്ങിയകാലം ഈ സ്ഥാനത്തിരുന്ന വ്യക്തി അദ്ദേഹമാണ്. ബി.ബി.സി.യുടെ അവതാരകനായിരുന്ന സര്‍ ജിമ്മി സാവിലെക്കെതിരായ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട വാര്‍ത്ത മുക്കിയെന്ന പരാതി നേരത്തെ വിവാദമായിരുന്നു. ന്യൂസ് നൈറ്റ് എഡിറ്റര്‍ പീറ്റര്‍ റിപ്പണ്‍ ഇതേത്തുടര്‍ന്ന് രാജിവെച്ചിരുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ മരണമടഞ്ഞ സാവിലെ 40 കൊല്ലത്തെ ജോലിക്കിടയില്‍ 200ഓളം പേരെ ലൈംഗികമായി പീഡിപ്പിച്ചെന്നും ബി.ബി.സി. ഓഫീസും അദ്ദേഹം ഇതിനുപയോഗിച്ചെന്നുമുള്ള വെളിപ്പെടുത്തല്‍ ബ്രിട്ടനെ ഞെട്ടിച്ചിരുന്നു.

ഉന്നത ധാര്‍മികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സ്ഥാപനം എന്നറിയപ്പെടുന്ന ബി.ബി.സി.യെ ഈ ആരോപണം പിടിച്ചുലച്ചിരുന്നു.

Advertisement