ഹൈദരാബാദ്: വീരേന്ദ്ര സെവാഗ് എന്ന നജഫ്ഗണ്ടുകാരന്റെ ബാറ്റിംഗ് വിസ്‌ഫോടനത്തില്‍ ഡെക്കാണ്‍ ചാര്‍ജ്ജേര്‍സ് എരിഞ്ഞൊടുങ്ങി. മികച്ച സ്‌കോര്‍ നേടിയിട്ടും സെവാഗ് എന്ന മഹാമേരുവിനെ തടഞ്ഞുനിര്‍ത്താനാകാഞ്ഞതാണ് ഡെക്കാണ് തോല്‍വിയൊരുക്കിയത്.

ആദ്യം ബാറ്റുചെയ്ത ഡെക്കാണ്‍ സ്‌കോര്‍ ചെയ്തത് 175 റണ്‍സ്. ശിഖര്‍ ധവാന്‍ (29), ഡുമിനി (55)ക്യാപ്റ്റന്‍ സംഗക്കാര (44) എന്നിവരാണ് ഡെക്കാണായി മികച്ച പ്രകടനം നടത്തിയത്. ദല്‍ഹിക്കായി അഗാര്‍ക്കര്‍ രണ്ടുവിക്കറ്റെടുത്തു.

മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയ ഡെക്കാണ്‍ വിജയം സ്വപ്‌നം കണ്ടാണ് ഫീല്‍ഡിംഗിനറങ്ങിയത്. എന്നാല്‍ ഭയപ്പെട്ടതു തന്നെ സംഭവിച്ചു. സെവാഗ് ഒരറ്റത്തുനിന്നും വെടിക്കെട്ടിന് തിരികൊളുത്തുകയായിരുന്നു. ഡെക്കാണ്‍ ബൗളര്‍മാരെ ശ്വാസംവിടാന്‍ അനുവദിക്കാതെ സെവാഗ് പന്ത് നിലത്തുകൂടിയും ആകാശത്തുകൂടിയും പറത്തി.

56 പന്തിലാണ് സെവാഗ് 119 റണ്‍സെടുത്തത്. ഇതില്‍ 13 തവണ പന്ത് നിലംതൊട്ടും അഞ്ചുതവണ നിലംതൊടാതെയും പറന്നു. സെവാഗ് പുറത്താകുമ്പോഴേക്കും ടീം വിജയപാതയിലെത്തിയിരുന്നു. ഒറ്റക്ക് ടീമിനെ ജയത്തിലെത്തിച്ച സെവാഗാണ് കളിയിലെ താരം.