എഡിറ്റര്‍
എഡിറ്റര്‍
യുദ്ധത്തിനെതിരെ സംസാരിച്ച കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളെ പരിഹസിച്ച് സെവാഗിന്റെ ട്വീറ്റ്
എഡിറ്റര്‍
Monday 27th February 2017 2:04pm

 

ന്യുദല്‍ഹി: യുദ്ധത്തിനെതിരെ സംസാരിച്ച കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. ‘തന്റെ പിതാവിനെ കൊന്നത് പാക്കിസ്ഥാനല്ല യുദ്ധമാണ്’ എന്ന പെണ്‍കുട്ടിയുടെ പഴയ ട്വീറ്റിനെ പരിഹസിച്ചാണ് സെവാഗ് രംഗത്തെത്തിയിരിക്കുന്നത്.


Also read നിങ്ങളെ അലോസരപ്പെടുത്തുന്നുവെങ്കില്‍ എന്നെ രക്തസാക്ഷിയുടെ മകളെന്ന് വിളിക്കേണ്ട പേരു വിളിച്ചാല്‍ മതി; എ.ബി.വിപിയോട് ഗുര്‍മെഹര്‍


ഗുര്‍മെഹറിന്റെ ശൈലിയില്‍ തനിക്ക് പറയാനുള്ളത് പേപ്പറില്‍ എഴുതി നില്‍ക്കുന്ന ചിത്രമാണ് സെവാഗ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ‘രണ്ട് ട്രിപ്പിള്‍ സെഞ്ച്വറികള്‍ നേടിയത് താനല്ല തന്റെ ബാറ്റാണെന്നാണ്’ സെവാഗ് ട്വിറ്ററിലൂടെ പറയുന്നത്.

അയല്‍ രാജ്യമായ പാക്കിസ്ഥാനുമായി ഇന്ത്യ നല്ല ബന്ധത്തിലാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞുള്ള വീഡിയോയുടെ ഒപ്പമായിരുന്നു കഴിഞ്ഞ വര്‍ഷം ഗുര്‍മെഹര്‍ തന്റെ അച്ഛനെ കൊന്നത് യുദ്ധമാണെന്ന് പറഞ്ഞിരുന്നത്. അന്ന് ഏറെ ശ്രദ്ധ നേടിയ വീഡിയോയും വിദ്യാര്‍ത്ഥിനിയുടെ വാക്കുകളെയും എ.ബി.വി.പിക്കെതിരായ നിലപാടിന്റെ പേരില്‍ വിമര്‍ശിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.


Related one എ.ബി.വി.പിക്കെതിരായ സോഷ്യല്‍ മീഡിയ ക്യാമ്പെയ്‌ന്റെ പേരില്‍ ബലാത്സംഗ ഭീഷണി നേരിടുന്നെന്ന് കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ 


ചലച്ചിത്ര താരമായ രണ്‍ദീപ് ഹൂഡയും ഗുര്‍മെഹറിനെതിരെ രംഗത്ത് വന്നവരിലുണ്ട്. സെവാഗിന്റെ ട്വീറ്റിന് പിന്നാലെ സെവാഗിനെ അഭിനന്ദിച്ച് കൊണ്ടാണ് ഹൂഡ ട്വിറ്ററില്‍ പോസ്റ്റിട്ടത്. എ.ബി.വി.പിയുടെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടിനെതിരെ രംഗത്ത് വന്ന ഗുര്‍മെഹറിന് സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണ് ലഭിച്ചിരുന്നത്.

ക്യാമ്പസുകളിലെ എ.ബി.വി.പി മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് ഗുര്‍മെഹര്‍ ‘ഞാന്‍ ദല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയാണ്. എനിക്ക് എ.ബി.വി.പിയെ ഭയമില്ല. ഞാന്‍ ഒറ്റക്കല്ല, ഈ രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളും എനിക്കൊപ്പമാണ്’ എന്ന് എഴുതിയ പേപ്പറുമായി നില്‍ക്കുന്ന ചിത്രം നവ മാധ്യമങ്ങളില്‍പോസ്റ്റ് ചെയ്യുകയായിരുന്നു. ചിത്രം ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും പങ്കുവെച്ച ഗുര്‍മെഹര്‍ മറ്റുള്ളവരോടും ഈ ക്യാമ്പെയ്നില്‍ പങ്കുചേരാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികളും ക്യാമ്പെയ്നില്‍ പങ്കു ചേരുകയായിരുന്നു. ഗുര്‍മെഹറിനും പ്രതിഷേധ ക്യാമ്പെയ്‌നും രാജ്യത്ത് പിന്തുണ വര്‍ധിച്ച സാഹചര്യത്തില്‍ പെണ്‍കുട്ടിക്കെതിരെ ബലാത്സംഗം ഭീഷണിയുമായി എ.ബി.വി.പി രംഗത്തെത്തിയിരുന്നു. ഗുര്‍മെഹറിനെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നുമായിരുന്നു എ.ബി.വി.പി പ്രവര്‍ത്തകരുടെ ഭീഷണി. ഭീഷണി നേരിടുന്ന വിദ്യാര്‍ത്ഥിയെ പരിഹസിച്ച് രംഗത്തെത്തിയ പ്രശസ്തര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍സനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

Advertisement