സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീം സെലക്ഷനില്‍ നായകന് വിരാട് കോഹ്ലിയെ തള്ളി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ്. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തോല്ക്കുകയാണെങ്കില് അദ്ദേഹം സ്വയം പുറത്തുപോകണമെന്ന് സെവാഗ് പറഞ്ഞു.
മികച്ച ഫോമിലുള്ള ഭുവനേശ്വറിനെ ഒഴിവാക്കിയതില്‍ യാതൊരു ന്യായീകരണം പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഒരു കളിയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ശിഖര്‍ ധവാനെ ടീമില്‍ നിന്നും കോഹ്ലി പുറത്താക്കിയിരിക്കുകയാണ്. ഭുവനേശ്വറിന്റെ കാര്യത്തിലാകട്ടെ പ്രത്യേകിച്ച് ഒരു കാരണം പോലുമില്ല. രണ്ടാം ടെസ്റ്റില്‍ കോഹ്ലി പരാജയപ്പെട്ടാല്‍ മൂന്നാം ടെസ്റ്റില്‍ കളിക്കാതെ അദ്ദേഹം സ്വയം പുറത്ത് പോവണം’.
ഭുവിയെ പുറത്തിരുത്തിയ തീരുമാനം ശരിയല്ലെന്നും അദ്ദേഹത്തിന്റെ ആത്മവിശ്വാസം തല്ലിക്കെടുത്തുന്ന നടപടിയാണിതെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ ടീം സെലക്ഷനില്‍ മുന്‍താരം സുനില്‍ ഗാവസ്കറടക്കമുള്ളവര് രംഗത്തെത്തിയിരുന്നു. ധവാനെ ബലിയാടാക്കുകയാണെന്നായിരുന്നു ഗവാസ്കറുടെ പ്രതികരണം.
‘ധവാന് ബലിയാടാണെന്നാണ് എനിക്ക് തോന്നുന്നത്. അവന്റെ തലയെന്നും അറവ് കത്തിയ്ക്ക് തയ്യാറായിരിക്കുകയാണ്. ഒരു മോശം ഇന്നിംഗ്സ് മതി, ടീമില്‍ നിന്നും പുറത്താകും.’ ഗവാസ്കര്‍ പറയുന്നു. ഭുവനേശ്വറിനെ ഒഴിവാക്കിയതിലും ഗവാസ്കര്‍ അമര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്.
‘ ആദ്യ ടെസ്റ്റിലെ ഒന്നാം ദിനം തന്നെ മൂന്ന് വിക്കറ്റെടുത്ത ഭുവിയെ ഒഴിവാക്കി പകരം ഇശാന്തിനെ ടീമിലെടുത്തതും എനിക്ക് മനസിലാക്കാന്‍ സാധിക്കുന്നില്ല. ഇശാന്തിന് പകരം ഷമിയോ ബുംറയോ ആണെങ്കിലും കുഴപ്പമില്ലായിരുന്നു. എനിക്കൊന്നും മനസിലാകുന്നില്ല’. എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും പേസ് ഇതിഹാസവുമായ അലന് ഡൊണാള്‍ഡ് രംഗത്തെത്തിയിരുന്നു. നിങ്ങളെന്താ തമാശയാക്കുകയാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ട്വിറ്ററിലെ പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം തന്റെ വിയോജിപ്പ് അറിയിച്ചത്.
ഒന്നാം ടെസ്റ്റില്‍ നിന്നും മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ സെഞ്ചൂറിയനില്‍ ഇറങ്ങിയത്. ഓപ്പണര്‍ ശിഖര്‍ ധവാന് പകരം ലോകേഷ് രാഹുലും കഴിഞ്ഞ കളിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഭുവനേശ്വര്‍ കുമാറിന് പകരം ഇശാന്ത് ശര്‍മ്മയേയും വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് പകരം പാര്‍ത്ഥിവ് പട്ടേലും ടീമില്‍ ഇടം നേടിയിരുന്നു.