തിരുവനന്തപുരം: പാര്‍ലമെന്റ് ആക്രമണക്കേസില്‍ കുറ്റാരോപിതനായ അഫ്‌സല്‍ ഗുരുവിനെ തൂക്കി കൊന്ന യു.പി.എ സര്‍ക്കാര്‍ നടപടിക്കെതിരെ സി.പി.ഐ(എം.എല്‍). ഹിന്ദ്വത്വ ശക്തികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി യു.പി.എ സര്‍ക്കാര്‍ ഇത്തരമൊരു നടപടിക്കൊരുങ്ങിയത് ലജ്ജാവഹമാണെന്ന് സി.പി.ഐ.(എം.എല്‍)കുറ്റപ്പെടുത്തി.

Ads By Google

അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ ഏറെ നാളായി സംഘപരിവാറും ബി.ജെ.പിയും  ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്നതാണ്. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയാക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കാന്‍ ഈ വധശിക്ഷ കോണ്‍ഗ്രസിനെ സഹായിക്കും.

വരും ദിവസങ്ങളിലും ഹിന്ദ്വത്വ ശക്തികളെ പ്രീതിപ്പെടുത്തുന്ന ഇത്തരം നടപടികള്‍ പ്രതീക്ഷിക്കാമെന്നും ന്യൂനപക്ഷവിഭാഗങ്ങള്‍ക്കിടയില്‍ തീവ്രനിലപാപടുകാര്‍ക്ക് സര്‍ക്കാറിന്റെ ഈ നീക്കം കൂടുതല്‍ ശക്തി പകരുമെന്നും സി.പി.ഐ(എം.എല്‍) പറയുന്നു.

വംശീയ സ്പര്‍ദ്ധ വളര്‍ത്തുന്നതിന് കാരണമാകുന്നതാണ് സര്‍ക്കാര്‍ നടപടിയെന്നും പാര്‍ട്ടി പത്രക്കുറിപ്പില്‍ പറയുന്നു.

ലോകത്തിലെ പല രാജ്യങ്ങളും വധശിക്ഷ ഒഴിവാക്കിക്കൊണ്ടിരിക്കേ കിരാതമായ ഇത്തരം നടപടികള്‍ ചെയ്ത് അടുത്ത തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്തിരിക്കുന്നത്.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാറിന്റെ ഈ നടപടിയെ സി.പി.ഐ(എം.എല്‍)ശക്തമായി അപലപിക്കുന്നതായും രാജ്യത്തെ പുരോഗമന, ജനാധിപത്യ, മതേതര സംഘടനകള്‍ ഇതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും സി.പി.ഐ(എം.എല്‍) ആഹ്വാനം ചെയ്തു.

കുടുംബാംഗങ്ങളെ പോലും വിവരമറിയിക്കാതെ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് പ്രാകൃതമായ നടപടിയാണെന്ന് എം.എല്‍ ലിബറേഷന്‍ അപലപിച്ചു. നരേന്ദ്ര മോഡിയെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കുന്നതാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു.