എഡിറ്റര്‍
എഡിറ്റര്‍
‘പൊങ്കാല കൊണ്ട് തീരില്ല, അതുക്കും മേലെ…’; കെ.ആര്‍.കെയ്ക്ക് പണി കൊടുക്കാന്‍ ഒടുവില്‍ മല്ലു സൈബര്‍ വാരിയേഴ്‌സും; കെ.ആര്‍.കെയുടെ ഫെയ്‌സ്ബുക്കും ട്വിറ്ററുമെല്ലാം ഹാക്ക് ചെയ്തു
എഡിറ്റര്‍
Thursday 20th April 2017 2:35pm


കോഴിക്കോട്: മലയാള സിനിമയുടെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ പരിഹസിക്കുമ്പോള്‍ കെ.ആര്‍.കെ എന്ന കമാല്‍ റാഷിദ് ഖാന്‍ കരുതിയിട്ടുണ്ടാകില്ല പണി ഇങ്ങനെ പാലും വെള്ളത്തില്‍ കിട്ടുമെന്ന്. ആദ്യം പൊങ്കാലയായിരുന്നു. വീണ്ടും പരിഹാസ പോസ്റ്റുമായി സോഷ്യല്‍ മീഡിയ മുക്കിലേക്ക് വന്നതോടെ മോഹന്‍ലാല്‍ ഫാന്‍സും മമ്മൂട്ടി ഫാന്‍സും ചേര്‍ന്നായി ആക്രമണം.

പൊങ്കാല ഇതിനു മുമ്പും കണ്ട കെ.ആര്‍.കെയ്ക്ക് ഇതു കൊണ്ടൊന്നും ഒരു കുലുക്കവും സംഭവിച്ചില്ല. പോടാ പുല്ലേ എന്നു പറഞ്ഞ് പുള്ളിയുടെ വക ഇന്ന് രാവിലെയും പോസ്റ്റ് വന്നു. ഇത്തവണയും മോഹന്‍ലാലിനേയും ആരാധകരേയും പരിഹസിച്ചു. കെ.ആര്‍.കെയുടെ വാളില്‍ പൊങ്കാലയിട്ടും തെറി പറഞ്ഞു മടുത്തെങ്കിലും മലയാളികള്‍ വീണ്ടും ഊര്‍ജ്ജം ആവാഹിച്ചെടുത്ത് തിരിച്ചടി ആരംഭിച്ചു.

പൊങ്കാല കൊണ്ടൊന്നും കെ.ആര്‍.കെയുടെ വായടപ്പിക്കാന്‍ സാധിക്കില്ല. ഇതോടെ ഡോസ് കൂടിയ മരുന്ന് മാത്രമേ ഈ ബോളിവുഡ് ഐറ്റത്തിന് ഏല്‍ക്കു എന്നു ബോധ്യപ്പെട്ടതോടെ കെ.ആര്‍.കെയെ പൂട്ടാന്‍ മല്ലു സൈബര്‍ വാരിയേഴ്‌സ് എന്ന ഹാക്കര്‍മാരുടെ സംഘം തന്നെ രംഗത്തെത്തി.

മണിക്കൂറുകള്‍ക്കുള്ളില്‍ കെ.ആര്‍.കെയുടെ ഇ-മെയില്‍ ഉള്‍പ്പടെയുള്ളവ സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തു. താരത്തിന്റെ ഫെയ്‌സ്ബുക്കും ട്വിറ്ററും ഹാക്ക് ചെയ്‌തെന്നാണ് മല്ലു സൈബര്‍ വാരിയേഴ്‌സ് തങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലിട്ട പോസ്റ്റില്‍ അവകാശപ്പെടുന്നത്.


Also Read: ലാലേട്ടനെ പരിഹസിച്ച കെ.ആര്‍.കെയെ പച്ചത്തെറിവിളിച്ച് ആഷിഖ് അബു


അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം കെ.ആര്‍.കെയെ അറിയിച്ചുവെന്നും തുടര്‍ന്ന് കെ.ആര്‍.കെ തന്റെ പോസ്റ്റ് റിമൂവ് ചെയ്‌തെന്നുമാണ് സൈബര്‍ വാരിയേഴ്‌സ് പറയുന്നത്. എന്നുകരുതി കെ.ആര്‍.കെയ്‌ക്കെതിരെയുള്ള സൈബര്‍ അറ്റാക്ക് അവസാനിച്ചിട്ടില്ലെന്നും താരത്തിന്റെ പ്രധാന വരുമാനമായ പരസ്യ പേജ് തന്നെ ഹാക്ക് ചെയ്യുമെന്നും സൈബര്‍ വാരിയേഴ്‌സ് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്.

മല്ലു സൈബര്‍ വാരിയേഴ്‌സിന്റെ ഭീഷണിയില്‍ കെ.ആര്‍.കെ ഭയന്നോ അതോ വീണ്ടും പോസ്റ്റുമായി രംഗത്തെത്തുമോ എന്ന് കാത്തിരുന്ന് കാണാം.

Advertisement