chaves
ബൊളീവിയ: യു.എസ്. ഡോളറിന്റെ ആധിപത്യമവസാനിപ്പിക്കുകയെന്ന ലക്ഷ്യം വെച്ച് 20210 ഓടെ പുതിയ നാണ്യം(കരന്‍സി) പുറത്തിറക്കാന്‍ ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രങ്ങള്‍ തീരുമാനിച്ചു. ‘സുക്രെ’ എന്നാണ് കരന്‍സിയുടെ പേര്. 19ാം നൂറ്റാണ്ടില്‍ സ്‌പെയിനിന്റെ കോളനികളായിരുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ വിമോചനത്തിനായി പോരാടിയ ചെസ് അന്‍േറാണിയോ ഡി സുക്രെയുടെ സ്മരണാര്‍ഥമാണ് കറന്‍സിക്ക് ഈ പേരുനല്‍കിയത്.

വെനെസ്വേലയുടെ പ്രസിഡണ്ട് ഹ്യൂഗോ ഷാവേസിന്റെ നേതൃത്വത്തില്‍ ഇടതു പക്ഷ ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രങ്ങള്‍ ചേര്‍ന്ന് ബൊളീവിയയില്‍ സംഘടിപ്പിച്ച ആല്‍ബ ഉച്ചകോടിയിലാണ് പുതിയ തീരുമാനമെടുത്തത്. തീരുമാനം തങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞു എന്ന് ബൊളീവിയന്‍ പ്രസിഡണ്ട് ഈവോ മൊറാലസ് പ്രഖ്യാപിച്ചു. ഇതോടെ പ്രദേശത്തെ വ്യാപാര രംഗത്തു നിന്നും ഡോളര്‍ പുറന്തള്ളപ്പെടുമെന്ന് ഉറപ്പായി.

അമേരിക്ക സ്‌പോണ്‍സര്‍ ചെയ്യുന്ന സ്വതന്ത്ര വ്യാപാര മേഖലക്ക് ബദലായി ഇടതു പക്ഷ ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രങ്ങള്‍ വെനസ്വേലന്‍ പ്രസിഡണ്ട് ഹ്യൂഗോ ഷാവേസിന്റെ നേതൃത്വത്തില്‍ രൂപകല്‍പ്പന ചെയ്തതാണ് ആല്‍ബ.

ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള മത്സരാധിഷ്ഠിത സ്വതന്ത്ര വ്യാപാരത്തിനു പകരം സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യാപാര വ്യവസ്ഥയാണ് ആല്‍ബ വിഭാവനം ചെയ്യുന്നത്. വികസിത രാഷ്ട്രങ്ങളുടെ സ്വേച്ഛാധിപത്യപരമായ വ്യാപാര വ്യവസ്ഥകളെ നിരാകരിച്ച് അവികസിത രാജ്യങ്ങളോട് ഐക്യ ദാര്‍ഢ്യവും ദുര്‍ബല വിഭാഗങ്ങളുടെ ഉന്നമനവും മനുഷ്യ സഹജമായ നീതി ബോധവും സമത്വവുമാണ് ആല്‍ബയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍.