എഡിറ്റര്‍
എഡിറ്റര്‍
നൈജീരിയന്‍ കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; കപ്പലില്‍ ഏഴ് മലയാളികളും
എഡിറ്റര്‍
Friday 6th April 2012 1:12pm

കൊച്ചി: മലയാളികളുള്‍പ്പെടെ നിരവധി പേര്‍ ജോലിചെയ്യുന്ന നൈജീരിയന്‍ കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയതായി റിപ്പോര്‍ട്ട്. റോയല്‍ ലേഡി എന്ന കപ്പലാണ് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്. കപ്പലിലുള്ള ഏഴ് പേര്‍ മലയാളികളാണ്.

കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിലെ ജോലിക്കാരനായ ഒറ്റപ്പാലം പനമണ്ണ കൊട്ടേക്കാട്ടില്‍ മിഥുനിനെ ജോലിക്ക് നിയോഗിച്ച സ്വകാര്യ ഏജന്‍സി കപ്പല്‍റാഞ്ചപ്പെട്ട കാര്യം ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

ഷാര്‍ജയില്‍ നിന്നു നൈജീരിയായിലേക്കുളള യാത്രാ മധ്യേ ഒമാനില്‍വച്ച് കപ്പല്‍ കടല്‍ക്കൊളളക്കാര്‍ റാഞ്ചിയതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടുളള വിവരം. നൈജീരിയിലെ സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുളള റോയല്‍ ലേഡി എന്ന ചരക്കുകപ്പിലില്‍ 24 ഇന്ത്യക്കാര്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

കഴിഞ്ഞ 21നാണ് കപ്പല്‍ ഷാര്‍ജയില്‍ നിന്നും നൈജീരിയയിലേക്ക് പുറപ്പെട്ടത്. മുംബൈയില്‍ സ്വകാര്യ ചരക്കുകപ്പല്‍ ജീവനക്കാരനായിരുന്ന മിഥുന്‍, ജനുവരി 29നാണ് ഷാര്‍ജയിലെത്തിയത്. ഏറ്റവും ഒടുവില്‍ വീട്ടിലേക്ക് വിളിച്ചത് കഴിഞ്ഞ മാസം 17നാണ്. പിന്നീട് ലഭിച്ചത് കപ്പല്‍ കടല്‍ക്കൊളളക്കാരുടെ പിടിയിലാണെന്ന വിവരവും.

അതേസമയം, മിഥുന്‍ അടക്കമുളളവരെ മോചിപ്പിക്കാന്‍ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിയ്ക്കും കേന്ദ്ര പ്രവാസി കാര്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. ദല്‍ഹിയില്‍ നിന്നും ബി.എസ്്.സി നോട്ടിക്കല്‍ സയന്‍സ് പൂര്‍ത്തിയാക്കിയ മിഥുന്‍ മൂന്ന് വര്‍ഷം മുന്‍പാണ് ജോലിയില്‍ പ്രവേശിച്ചത്.

Advertisement