ഒമാന്‍ : ഒമാനിലെ കടലില്‍ ഏഴ് ഇന്ത്യക്കാരെ കാണാതായതായി തീരദേശ സേന വിവരം അറിയിച്ചു. മോശം കാലാവസ്ഥമൂലം തിരച്ചില്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്നു സേന അറിയിച്ചതായി ഒമാന്‍ പത്രമായ ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്തു. കാണാതായ ഏഴുപേരും തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ്.

കടലില്‍ മത്സ്യബന്ധനത്തിന് പോയ ഇവര്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് കാണാതായ വിവരം അറിയുന്നത്. ഇവരെ കടല്‍ക്കൊള്ളക്കാര്‍ തട്ടികൊണ്ടുപോയതായി സംശയിക്കുന്നുണ്ടെന്ന് ബോട്ടിന്റെ ഉടമ സയീദ് റാഷിദ് ടൈംസ് ഓഫ് ഒമാനിനോട് പറഞ്ഞു.

ഒമാനിലെ അല്‍ അഷ്‌കാരാ തീരത്തു നിന്ന് കഴിഞ്ഞ വ്യാഴായ്ച്ചയാണ് ബോട്ട് കാണാതായത്. ഉള്‍ക്കടലിലേക്ക് പോയ ബോട്ടിനെ കടല്‍കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയതായാണ് കരുതുന്നത്.

കഴിഞ്ഞ ബുധനാഴ്ച്ച ഒമാന്‍ കടലിടുക്കില്‍ കൊള്ളക്കാര്‍ എല്‍.എന്‍.എഫ് ടാങ്ക് ആക്രമിച്ചതായും റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ഈ മേഖലകളില്‍ അടുത്തിടെയായി കടല്‍ക്കൊള്ള വ്യാപകമാകുന്നതായും അറിയുന്നു.