ഇന്‍ഡോര്‍: ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി നേടി വീരേന്ദര്‍ സെവാഗിന് ചരിത്ര നേട്ടം. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം കൂടിയായി മാറിയിരിക്കയാണ് സെവാഗ്. ഇന്‍ഡോറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന മത്സരത്തില്‍ 140 പന്തില്‍ നിന്നാണ് സെവാഗ് ഡബിള്‍ സെഞ്ച്വറി നേടിയത്. സെവാഗ് 219 റണ്‍സ് അടിച്ചെടുത്തു. ഈ നേട്ടം കൈവശപ്പെടുത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് സെവാഗ്. നേരത്തെ ദക്ഷിണാഫ്രിക്കക്കെതിരെ സച്ചിനാണ് ഈ നേട്ടം കൈവരിച്ചത്.

ഗംഭീറിനൊപ്പം ഓപ്പണറായി ഇറങ്ങിയ സെവാഗ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഗംഭീര്‍ മികച്ച പിന്തുണയും നല്‍കി. 51 പന്തില്‍ നിന്നാണ് സെവാഗ് അര്‍ധ  സെഞ്ചറി പൂര്‍ത്തിയാക്കിയത്. ഒമ്പത് ബൗണ്ടറികളുള്‍പ്പെടെയായിരുന്നു ഇത്. 69 പന്തുകളില്‍ നിന്ന് അദ്ദേഹം സെഞ്ച്വറി പൂര്‍ത്തിയാക്കി. അപ്പോഴേക്കും അദ്ദേഹം പത്ത് ബൗണ്ടറികളും അഞ്ച് സിക്‌സറുകളും നേടിയിരുന്നു. 112 പന്തുകളില്‍ നിന്ന് 150 റണ്‍സും 140 പന്തുകളില്‍ നിന്ന് 200 ഉം സെവാഗ് പൂര്‍ത്തിയാക്കി.

ക്യാപ്റ്റന്റെ സമ്മര്‍ദ്ദം അതിജീവിച്ച് ബാറ്റ് ചെയ്യുകയെന്ന വെല്ലുവിളി അതിജീവിച്ചായിരുന്നു സെവാഗിന്റെ പ്രകടനം. സേവാഗിന് ശക്തമായ പിന്തുണ നല്‍കി മറുഭാഗത്ത് തിളങ്ങിയ ഗംഭീര്‍ 67 റണ്‍സെടുത്ത് റണ്ണൗട്ടായി.

ഉച്ചയ്ക്ക് 2.30 ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ച മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ പങ്കെടുത്ത ഉമേഷ് യാദവിനെ പകരം രാഹുല്‍ ശര്‍മയെ ഉള്‍പ്പെടുത്തിയതൊഴിച്ചാല്‍ ഇന്ത്യന്‍ ടീമില്‍ മാറ്റമൊന്നുമില്ല. വിന്‍ഡീസ് നിരയില്‍ പരുക്കേറ്റ ബ്രാവോയ്ക്ക് പകരം കിരാന്‍ പവലാണ് കളിക്കുന്നത്.

Malayalam news, Kerala news in English